വ്യാജ ആരോപണങ്ങൾ: മുഖ്യമന്ത്രിക്ക് പരാതി നൽകും -ഐ.എൻ.എൽ വഹാബ് വിഭാഗം
text_fieldsകോഴിക്കോട്: ഐ.എൻ.എൽ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ നേതൃത്വം നൽകുന്ന വിഭാഗത്തിനെതിരെ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കൾക്കും പരാതി നൽകുമെന്ന് വഹാബ് വിഭാഗം സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മയിൽ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് എന്നിവർ അറിയിച്ചു.
മുൻ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബടക്കം 11 പേർക്കെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ജന. സെക്രട്ടറി കാസിം ഇരിക്കൂർ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്കാണ് പരാതി നൽകിയത്. ഈ സാഹചര്യത്തിലാണ് വഹാബ് വിഭാഗം മുഖ്യമന്ത്രിയുടെയും ഇടതുമുന്നണി നേതാക്കളുടെയും ഇടപെടൽ ആവശ്യപ്പെടുന്നത്.
2022 ഫെബ്രുവരി 13ന് ഐ.എൻ.എൽ ദേശീയ നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കപ്പെട്ടവർ കോഴിക്കോട് സബ്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഇൻജങ്ഷൻ കാറ്റിൽ പറത്തി പൊതുജനങ്ങളെയും മാധ്യമങ്ങളെയും കബളിപ്പിക്കുന്നുവെന്നാണ് കാസിം വിഭാഗത്തിന്റെ പരാതി. നാസർ കോയ തങ്ങൾ, കെ.പി. ഇസ്മാഈൽ, എൻ.കെ. അബ്ദുൽ അസീസ്, ശർമത് ഖാൻ, ബഡേരി ബഷീർ, മനോജ് സി. നായർ, ഒ.പി.ഐ കോയ, സക്കരിയ എളേറ്റിൽ, കെ.കെ. മുഹമ്മദ് മാസ്റ്റർ, റഫീഖ് അഴിയൂർ എന്നിവർക്കെതിരെയാണ് പരാതി.