മന്ത്രി ദേവർകോവിൽ വിഭാഗീയ നേതാവ് -വഹാബ് വിഭാഗം; മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാം -മന്ത്രി ദേവർകോവിൽ
text_fieldsകോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ രൂക്ഷവിമർശനവുമായി ഐ.എൻ.എൽ വഹാബ് വിഭാഗം. മറ്റു മന്ത്രിമാർ വികസന പ്രവർത്തനത്തിന് നേതൃത്വം നൽകുമ്പോൾ ദേവർകോവിൽ വിഭാഗീയതക്കാണ് നേതൃത്വം നൽകുന്നത്. മന്ത്രിയുടെ കാര്യത്തിൽ എൽ.ഡി.എഫ് നേതൃത്വം എന്തു തീരുമാനിച്ചാലും പരാതിയില്ലെന്നും അംഗീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ പ്രഫ. എ.പി. അബ്ദുൽ വഹാബ് വ്യക്തമാക്കി.
പാർട്ടിയിലെ ഒരുവിഭാഗത്തിന്‍റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ് മന്ത്രി. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗമായ തന്നെ എൽ.ഡി.എഫിന്റെ മന്ത്രി പുറത്താക്കിയത് മുന്നണിയെത്തന്നെ ചോദ്യം ചെയ്യുന്നതിന് സമാനമാണ്. ഇത്തരം തരംതാണ പ്രവൃത്തി അവസാനിപ്പിക്കണം. സംസ്ഥാന ഭാരവാഹികളിലെ ചിലർ യോഗം ചേർന്ന് കേന്ദ്ര കമ്മിറ്റിയെന്നു പ്രഖ്യാപിച്ച് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടുകയും നേതാക്കളെ പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെ മന്ത്രി ദേവർകോവിൽ, കാസിം ഇരിക്കൂർ അടക്കം ആറുപേരിൽനിന്ന് വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഭരണഘടന പ്രകാരം അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന പ്രസിഡന്‍റിനാണ്. ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ നിര്യാണത്തോടെ പാർട്ടിക്ക് ദേശീയ സംവിധാനമില്ല. അഹമ്മദ് ദേവർകോവിലിന്‍റെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയാണ് ഈ വർഷത്തെ ഏറ്റവും വലിയ തമാശ.
മാർച്ച് 15ലെ എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടോ എന്നചോദ്യത്തിന് ഐ.എൻ.എൽ ഒന്നായി നിന്നാൽ മാത്രമേ മുന്നണിക്കകത്തുണ്ടാകൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. മാർച്ച് 17ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുദ്ധവിരുദ്ധ സമാധാന സംഗമവും മേയിൽ വികസന കാമ്പയിനും നടത്തും. എൻ.കെ. അബ്ദുൽ അസീസ്, മനോജ് സി. നായർ, നാസർകോയ തങ്ങൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാം -മന്ത്രി ദേവർകോവിൽ
കോഴിക്കോട്: ചെയ്ത തെറ്റിന് മാപ്പുപറയുകയും അഖിലേന്ത്യ കമ്മിറ്റിയെ അംഗീകരിക്കുകയും ചെയ്താൽ പാർട്ടിയിൽനിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ഐ.എൻ.എൽ അഡ്ഹോക് കമ്മിറ്റി ചെയർമാൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. പാർട്ടി ജില്ല ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗത്തിനുശേഷം വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഖിലേന്ത്യ കമ്മിറ്റി എടുത്ത തീരുമാനം അന്തിമമായതിനാൽ പുറത്താക്കിയവരെക്കുറിച്ചുള്ള അധ്യായം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ച, വിവിധ സംസ്ഥാനങ്ങളിൽ കമ്മിറ്റികളുള്ള സംഘടനയാണ് ഐ.എൻ.എൽ. അതിന്റെ സംസ്ഥാന കമ്മിറ്റി എന്ന നിലയിലാണ് ഇടതുമുന്നണിയിൽ ഘടകകക്ഷിയായത്. മുന്നണി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർച്ച് 15ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ക്ഷണിക്കാത്തതു സംബന്ധിച്ച ചോദ്യത്തിന്, അത് യോഗദിവസം വ്യക്തമാകുമെന്നായിരുന്നു മറുപടി.
മുൻ ഭാരവാഹികൾക്കെതിരെ ദേശീയ നിർവാഹക സമിതി എടുത്ത അച്ചടക്കനടപടി യോഗം ഏകകണ്ഠമായി ശരിവെച്ചു. മെംബർഷിപ് കാമ്പയിൻ പൂർത്തിയാക്കി മാർച്ച് 31നകം പുതിയ കൗൺസിൽ ചേർന്ന് സംസ്ഥാന കമ്മിറ്റി നിലവിൽവരുമെന്നും മന്ത്രി വിശദീകരിച്ചു. പാർട്ടിയുടെ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഉദ്ഘാടനവും സംസ്ഥാന സമ്മേളന പ്രഖ്യാപനവും മാർച്ച് അവസാനവാരം തിരുവനന്തപുരത്ത് നടക്കും. അദ്ദേഹത്തിന്റെ സ്മരണക്കായി ചാരിറ്റി സംഘടന രൂപവത്കരിക്കും. വാർത്തസമ്മേളനത്തിൽ കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, ഡോ. എ.എ. അമീൻ, എം.എം. മാഹീൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

