ഐ.എൻ.എൽ: വഹാബ് വിഭാഗത്തിനെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്ന് മറുവിഭാഗം
text_fieldsകോഴിക്കോട്: മുൻ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബടക്കം 11 പേർക്കെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ സംസ്ഥാന നേതൃത്വം പൊലീസിൽ പരാതി നൽകി. ജന. സെക്രട്ടറി കാസിം ഇരിക്കൂർ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്കാണ് പരാതി നൽകിയത്.
2022 ഫെബ്രുവരി 13ന് ഐ.എൻ.എൽ ദേശീയ നേതൃത്വം കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കപ്പെട്ടവർ കോഴിക്കോട് സബ്കോടതി പുറപ്പെടുവിച്ച താൽക്കാലിക ഇൻജങ്ഷൻ കാറ്റിൽ പറത്തി പൊതുജനങ്ങളെയും മാധ്യമങ്ങളെയും കബളിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കി.
നാസർ കോയ തങ്ങൾ, കെ.പി. ഇസ്മാഈൽ, എൻ.കെ. അബ്ദുൽ അസീസ്, ശർമത് ഖാൻ, ബഡേരി ബഷീർ, മനോജ് സി. നായർ, ഒ.പി.ഐ കോയ, സക്കരിയ എളേറ്റിൽ, കെ.കെ. മുഹമ്മദ് മാസ്റ്റർ, റഫീഖ് അഴിയൂർ എന്നിവർക്കെതിരെയാണ് പരാതി.