സുരേഷ് ഗോപിയുടെ വിദ്വേഷ പരാമർശത്തിൽ ഐ.എൻ.എൽ പരാതി നൽകി
text_fieldsകോഴിക്കോട്: ആലുവ ശിവരാത്രി ആഘോഷങ്ങൾക്കിടെ വിശ്വാസികൾ അല്ലാത്തവർക്ക് സർവനാശം വരട്ടെയെന്നതുൾപ്പെടെ വിദ്വേഷ പരാമർശങ്ങൾ നടത്തിയ സുരേഷ് ഗോപിക്കെതിരെ ഐ.എൻ.എൽ (വഹാബ് വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനോജ് സി. നായർ പരാതി നൽകി.
സുരേഷ്‌ഗോപിയുടെ വിവാദ പ്രസ്താവന ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നും മത സ്പർദ്ധ വളർത്തുന്നതാണെന്നും എറണാകുളം റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോയാണെന്നും നിരീശ്വര വാദികളെ മാനിക്കുന്നെന്നുമായിരുന്നു വിശദീകരണം. ഉദേശിച്ചത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റെ മതത്തിന്റെ ആചാരങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവരെ കുറിച്ചാണെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.