ഐ.എൻ.എൽ: അഹമ്മദ് ദേവർകോവിൽ പ്രസിഡന്റ്; കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറി
text_fieldsഅഹമ്മദ് ദേവർ കോവിൽ, കാസിം ഇരിക്കൂർ
കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് പ്രസിഡന്റായി മന്ത്രി അഹമ്മദ് ദേവർകോവിലിനെയും ജനറൽ സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും തെരഞ്ഞെടുത്തു. ബി. ഹംസ ഹാജിയാണ് ട്രഷറർ. ഡോ. എ.എ. അമീൻ, എം.എം. മഹീൻ, മൊയ്തീൻ കുഞ്ഞ് കളനാട്, സലാം കുരിക്കൾ (വൈസ്. പ്രസി), എം.എ. ലത്തീഫ്, എം.എം. സുലൈമാൻ, ഒ. ഷംസു, അഷ്റഫലി വല്ലപ്പുഴ (സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വ്യാഴാഴ്ച കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏഴംഗ സംസ്ഥാന സെക്രട്ടേറിയറ്റും 12 അംഗ പ്രവർത്തക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
പാർട്ടിയുടെ സംസ്ഥാന സമ്മേളനം ഡിസംബറിൽ കോഴിക്കോട്ടും വിളംബര റാലി മേയ് രണ്ടാംവാരം കാസർകോടും നടക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറു മാസം കൂടി പ്രത്യേക അംഗത്വ കാമ്പയിൻ സംഘടിപ്പിക്കും. ഇബ്രാഹിം സുലൈമാൻ സേട്ടിന് കോഴിക്കോട്ട് സ്മാരക കേന്ദ്രം സ്ഥാപിക്കും.
പാർട്ടി അച്ചടക്കം കർശനമായി നടപ്പാക്കാൻ അച്ചടക്ക സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ദേശീയ കമ്മിറ്റിയുടെ അംഗീകാരമുള്ള സംസ്ഥാന ഘടകമെന്ന നിലയിൽ ഔദ്യോഗിക ഐ.എൻ.എൽ ഏതാണെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് നേതാക്കൾ വിശദീകരിച്ചു.