ലയനസാധ്യത തേടി ഐ.എൻ.എല്ലും നാഷനൽ ലീഗും
text_fieldsമലപ്പുറം: പിളർന്ന് മൂന്നര വർഷം പിന്നിടുമ്പോൾ ഒന്നിക്കുന്നതിന്റെ സാധ്യത തേടി ഇന്ത്യൻ നാഷനൽ ലീഗും നാഷനൽ ലീഗും. പാർട്ടിയുടെ പ്രവാസി പോഷകഘടകമായ ഐ.എം.സി.സിയുടെ നേതൃത്വത്തിലാണ് ആലോചന. എൽ.ഡി.എഫിൽ അംഗത്വം ലഭിക്കുകയും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച് അഹമ്മദ് ദേവർകോവിൽ മന്ത്രിയാവുകയും ചെയ്ത 2021ലാണ് ഐ.എൻ.എല്ലിൽ അഭിപ്രായവ്യത്യാസം രൂക്ഷമായത്.
പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിൽ ഇരുവിഭാഗങ്ങളായി തിരിഞ്ഞു. അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പമാണ് നിലയുറപ്പിച്ചത്. 2022 ഫെബ്രുവരിയിൽ പിളർപ്പ് പൂർണമായി.
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ എ.പി. അബ്ദുൽ വഹാബിനെ ദേശീയ നേതൃത്വം പാർട്ടിയിൽനിന്ന് പുറത്താക്കി. അച്ചടക്ക നടപടിക്കെതിരെ വഹാബ് പക്ഷം കോടതിയില്‍ നൽകിയ അപ്പീൽ തള്ളി. പുറത്താക്കപ്പെട്ടവര്‍ ഐ.എൻ.എല്ലിന്റെ പേരും പതാകയും ഉപയോഗിക്കുന്നതും കോടതി തള്ളിയതോടെ കഴിഞ്ഞ വർഷം മാർച്ചിലാണ് നാഷനൽ ലീഗ് രൂപവത്കരിച്ചത്.
പ്രവാസി ഘടകമായ ഐ.എം.സി.സിയുടെ യു.എ.ഇ ഒഴിച്ചുള്ള കമ്മിറ്റികൾ എ.പി. അബ്ദുൽ വഹാബിനൊപ്പമാണ് നിലയുറപ്പിച്ചത്. ഭിന്നിച്ചുനിൽക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ഇരുവിഭാഗത്തെയും പ്രതിസന്ധിയിലാക്കുമെന്നത് തിരിച്ചറിഞ്ഞാണ് യോജിപ്പിന്റെ വഴി തേടുന്നത്. ഐ.എം.സി.സിയിലെ ജി.സി.സി ഘടകങ്ങളുടെ നേതാക്കളാണ് ചർച്ചകൾക്ക് മുന്നിട്ടിറങ്ങിയത്. ഉപാധികളില്ലാത്ത ഒത്തുതീർപ്പിനാണെങ്കിൽ യോജിപ്പിന് തയാറാണെന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

