കെ.എൻ.എ ഖാദറിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എലും
text_fieldsകോഴിക്കോട്: ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത് പുലിവാലു പിടിച്ച കെ.എൻ.എ ഖാദറിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എലും രംഗത്ത്. ലീഗ് മുൻ എം.എൽ.എ കെ.എൻ.എ. ഖാദറിന്റെ നടപടിയെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർ.എസ്.എസ് നേതാവ് ജെ. നന്ദകുമാറിൽ നിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദർ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമുണ്ടായി. മുസ്ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത് എന്നാണോ? അതല്ല, കോ.ലീ.ബി സഖ്യം ദൃഢമാക്കാൻ ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയുള്ള പാലം പണിയലാണോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.