അതിരപ്പിള്ളിയിൽ മുറിവേറ്റ കൊമ്പന് മയക്കുവെടി; ആനയുടെ ആരോഗ്യനിലയിൽ ആശങ്ക
text_fieldsതൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പന് ചികിത്സ നൽകാനായുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി മയക്കുവെടി വച്ചു. വെറ്റിലപ്പാറക്ക് സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണ് വെടിവച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സാ ദൗത്യത്തിലുള്ളത്. തളർന്നുവീണ ആനയെ പരിശോധിച്ച് വരികയാണ്. ലോറിയില്‍ കയറ്റി കോടനാട് എത്തിച്ച് ചികിത്സ നല്‍കാനാണ് പദ്ധതി. വഴിയൊരുക്കാനായി ജെ.സി.ബി ഉൾപ്പെടെ എത്തിച്ചിട്ടുണ്ട്.
എന്നാൽ മയക്കുവെടിയേറ്റ് ആന വീണതോടെ, ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ട്. ആരോഗ്യവാനാണെങ്കിൽ മയങ്ങി നിൽക്കുകയാണ് പതിവ്. കൂടെയുണ്ടായിരുന്ന മറ്റൊരാന താങ്ങിനിർത്താൻ ശ്രമിച്ചെങ്കിലും കൊമ്പൻ മറുവശത്തേക്ക് വീഴുകയായിരുന്നു. ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു. വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്. തുടര്‍ന്ന് അരുണ്‍ സക്കറിയയും സംഘവും അവിടെ എത്തുകയായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു. ആനയുടെ മസ്തകത്തിലെ മുറിവ് ദിനംപ്രതി വലുതാകുന്നത് ആശങ്കക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

