തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.എല്‍.പി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) പരിധിയിലെ മുഴുവൻ റോഡുകളിലും കരാറുകാരുടെയും എൻജിനീയർമാരുടെയും പേരും ഫോൺ നമ്പറും അടക്കം വിശദാംശങ്ങൾ ഉൾപ്പെടുന്ന ബോർഡ് സ്ഥാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിെൻറ തുടക്കത്തിലും അവസാനത്തിലും ഇത് സ്ഥാപിക്കും. ഡി.എൽ.പി കാലാവധിയും വ്യക്തമാക്കും. വകുപ്പിെൻറ വെബ്സൈറ്റിലും ലഭ്യമാക്കും. കാലാവധിയിൽ വന്ന കേടുപാടുകള്‍ കരാറുകാര്‍ നിര്‍വഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കെ.പി.എ. മജീദിെൻറ സബ്മിഷന് മറുപടി നൽകി.
ഭൂമി തരംമാറ്റൽ: ഉടൻ തീരുമാനം
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റുന്നതിന് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ എത്രയുംവേഗം പരിഹരിക്കുമെന്ന് മന്ത്രി കെ. രാജന് അറിയിച്ചു. തെരഞ്ഞെടുപ്പും മറ്റുമായാണ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായതെന്ന് പി. മമ്മിക്കൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്കി.
ജനകീയ ഹോട്ടൽ: പ്രതിദിനം 1.60 ലക്ഷം ഉച്ചയൂൺ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ പദ്ധതിയിൽ പ്രതിദിനം 1.60 ലക്ഷം ഉച്ചയൂൺ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പദ്ധതി വഴി 4885 കുടുംബശ്രീ വനിതകൾക്ക് ജീവനോപാധി ലഭിക്കുന്നുണ്ട്.
റോഡ് നിർമാണം: കൈമാറിയത് 2109 ടൺ പ്ലാസ്റ്റിക്
റോഡ് നിർമാണാവശ്യത്തിനായി ക്ലീൻ കേരള കമ്പനി പൊതുമരാമത്ത് എൻജിനീയറിങ് വകുപ്പിനും തദ്ദേശ വകുപ്പിനും 2109 ടൺ പ്ലാസ്റ്റിക് നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ. ഇരു വകുപ്പുകൾക്കുമായി യഥാക്രമം 947.76 ഉം 1161.24ഉം ടണ്ണാണ് നൽകിയത്. ഇതുവഴി ക്ലീൻ കേരള കമ്പനിക്ക് 4.87 കോടി രൂപ വരുമാനം ലഭിച്ചു.
അധിക വരുമാനം കണ്ടെത്താൻ അനുമതി
തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിവരുന്ന ഫണ്ടുകൾക്കുപുറമെ അധിക വരുമാനം കണ്ടെത്തുന്നതിന് പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ അനുസരിച്ച് നികുതികളും ഫീസുകളും പിഴകളും ചുമത്താവുന്നതാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. വസ്തു നികുതി, തൊഴിൽ നികുതി, വിനോദ നികുതി, വസ്തു നികുതിയിലുള്ള സർചാർജ് തുടങ്ങിയവക്കൊപ്പം നഗരസഭകൾക്ക് മൃഗങ്ങളുടെ മേലുള്ള നികുതിയും തടി നികുതിയും ചുമത്താം.