ഭരണത്തിനുമുമ്പേ തമ്മിലടി; അതൃപ്തിയിൽ ഘടകകക്ഷികൾ
text_fieldsപ്രതീകാത്മക ചിത്രം കടപ്പാട്: ജെമിനി
തിരുവനന്തപുരം: പത്ത് വർഷത്തിനുശേഷം ലഭിച്ച ഭരണം തുടങ്ങുംമുമ്പേ ആധികാരിക വിജയത്തിന്റെ ശോഭ കെടുത്തുംവിധം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ ഫ്ലക്സ് യുദ്ധത്തിലേക്കും തെരുവിലേക്കും വഴിമാറിയതിൽ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. നടപടികക്രമങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും സമാന്തരമായി നടക്കുന്ന പിടിവലികൾ ജനവികാരം എതിരാക്കുമെന്ന നിലപാടിലാണ് മുന്നണി നേതാക്കൾ.
മന്ത്രിസഭ രൂപവത്കരിക്കുംമുമ്പേ ജനരോഷം ഏറ്റുവാങ്ങേണ്ടിവരുന്നത് മുന്നോട്ട് പോകുമ്പോൾ പ്രതിസന്ധി സൃഷ്ടിക്കും. സ്ഥിതി ഇനി വഷളാകാതെ വേഗത്തിൽ തീരുമാനത്തിലെത്തണമെന്നാണ് നേതാക്കളുടെ പൊതുവികാരം. ഘടകകക്ഷികളിൽ മാത്രമല്ല, കോൺഗ്രസിലെ ഗ്രൂപ്പുകളുടെ ഭാഗമാകാത്ത നേതാക്കളും ഈ ആശങ്കയാണ് പങ്കുവെക്കുന്നത്.
കനത്ത തോൽവിയുടെ പ്രഹരം തലക്ക് മുകളിലുള്ളതുകൊണ്ട് മാത്രമാണ് കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾ സി.പി.എം ആയുധമാക്കാത്തത്.
അതേസമയം, തെരുവിലേക്ക് നീങ്ങിയ കസേര ചർച്ച പരോക്ഷമായി സി.പി.എം സാമൂഹികമാധ്യമങ്ങളിൽ പ്രശ്നവത്കരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് യു.ഡി.എഫിന് വോട്ടുചെയ്ത നിക്ഷ്പക്ഷ ജനങ്ങളെ സ്വാധീനിച്ചേക്കാം. അതിനാൽ സാധ്യമാകുംവേഗത്തിൽ ജനവികാരംകൂടി കണക്കിലെടുത്തുള്ള തീരുമാനമാണ് വേണ്ടതെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
മുസ്ലിം ലീഗും കേരള കോൺഗ്രസും ആർ.എസ്.പിയും സി.എം.പിയും ആർ.എം.പിയുമടക്കം ഘടകകക്ഷികളുടെയെല്ലാം നിലപാട് വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ്. ഇക്കാര്യം നിരീക്ഷകരോട് പങ്കുവെച്ചിട്ടുണ്ട്. തലയെണ്ണൽ മാത്രമായി മാനദണ്ഡം പരിമിതപ്പെടുത്തുന്നത് സ്വഭാവിക നീതിയുടെ ലംഘനമാനെന്നതാണ് ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
തകർന്നുതരിപ്പണമായ മുന്നണിയെ 102 സീറ്റിന്റെ മികവിലേക്കുയർത്തിയത് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ്. അദ്ദേഹം മുന്നണിക്ക് നൽകിയ ഐക്യബോധവും ആത്മവിശ്വാസവും വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്. അഞ്ച് വർഷം ഇടതുസർക്കാറിനെ നേരിട്ട പ്രതിപക്ഷത്തിന്റെ മുഖമായിരുന്നയാളെ അവസാന നിമിഷം മാറ്റുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഒരു ഘടകകക്ഷി നേതാവ് പ്രതികരിച്ചത്.
എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചശേഷം, യോഗ്യരായ എം.എൽ.എമാരുണ്ടായിരിക്കെ അവരെ മാറ്റിനിർത്തി ലോക്സഭാംഗത്തെ മുഖ്യമന്ത്രിയാക്കുന്നതിന്റെ യുക്തിയിലും അനിവാര്യതയിലും ഘടകകക്ഷികൾ സംശയമുന്നയിക്കുന്നു. ആറുമാസത്തിനിടെ അഭിമുഖീകരിക്കേണ്ട രണ്ടു ഉപതെരഞ്ഞെടുപ്പുകളുടെ കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

