വന്ധ്യത ചികിത്സയിലെ അധാർമികതക്ക് അറുതിവരുത്താൻ എ.ആർ.ടി ബിൽ ഭേദഗതിക്ക് പുതിയ കമ്മിറ്റി
text_fieldsകോഴിക്കോട്: വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട എ.ആർ.ടി ബിൽ ഭേദഗതിക്ക് ദേശീയ വനിത കമീഷൻ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. വന്ധ്യത ചികിത്സയിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അധാർമിക പ്രവണതകൾക്ക് തടയിടാനുമാണ് ഡൽഹി ഹൈകോടതി റിട്ട. ജഡ്ജി ആശാ മേനോൻ ചെയർമാനായി മെഡിസിൻ, ഫോറൻസിക് സയൻസ്, നിയമം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായ വനിതകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചത്. എ.ആർ.ടി ബിൽ നിയമം രേഖകളിൽ മാത്രമായി ഒതുങ്ങുകയും അണ്ഡദാനം ഉൾപ്പെടെ വന്ധ്യത ചികിത്സ ക്ലിനിക്കുകളിൽ വഴിവിട്ട രീതിയിലാകുകയും ചെയ്തതോടെയാണ് നടപടി. ക്ലിനിക്കുകളും ടെസ്റ്റുകൾക്ക് വിധേയമാകുന്നവരും പാലിക്കാൻ അനുശാസിക്കുന്ന അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജി റെഗുലേഷൻ ബിൽ -2021 (എ.ആർ.ടി-ഭേദഗതി-2024) നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പല ക്ലിനിക്കുകളും ഐ.വി.എഫ് ടെസ്റ്റുകൾ നടത്തുന്നതെന്ന ആരോപണം ശക്തമായിരുന്നു.
അണ്ഡദാന നിയമം മറികടന്ന് അണ്ഡമോഷണവും വഴിവിട്ടരീതിയിൽ അണ്ഡകൈമാറ്റവും നടക്കുന്നുവെന്നാണ് ആക്ഷേപം. ചികിത്സ തേടിയെത്തുന്ന ആരോഗ്യമുള്ള സ്ത്രീകളിൽനിന്ന് ശേഷിയുള്ള അണ്ഡങ്ങൾ ശേഖരിച്ച് മറ്റു സ്ത്രീകളിൽ പ്രത്യുൽപാദനത്തിന് ഉപയോഗിക്കുന്നത് അടക്കമുള്ള ധാർമിക വിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതായ ആക്ഷേപങ്ങൾക്കിടയിലാണ് സർക്കാർ ഇടപെടൽ. മോഷ്ടിക്കുന്ന അണ്ഡം പല സ്ത്രീകളിൽ ഗർഭധാരണത്തിന് ഉപയോഗിക്കുകവഴി സമാനകോശങ്ങളുള്ള നിരവധി കുട്ടികൾക്ക് ജന്മം നൽകപ്പെടുന്നുവെന്നും ഇതു ഭാവിയിൽ മനുഷ്യവൈവിധ്യ ശോഷണത്തിനും സമാന സ്വഭാവമുള്ളവരുടെ എണ്ണം കുമിഞ്ഞു (ജനറ്റിക് പൂളിങ്) കൂടുന്നതിനും ഇടയാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അധാർമികവും നിയമത്തെ വെല്ലുവിളിച്ചും നടത്തുന്ന വന്ധ്യത ചികിത്സമൂലം മനുഷ്യരാശിയെ കാത്തിരിക്കുന്നത് വൻ ജനിതകവിപത്താണെന്നും ജനറ്റിക് പൂളിങ് ജനിതക വൈകല്യത്തിനും രോഗത്തിനും മനുഷ്യരാശിയുടെ ഹാനിക്കും കാരണമാകുമെന്നും പ്രമുഖ ജനിതക വിദഗ്ധൻ ഡോ. റോഷൻ ഡാനിയേൽ അഭിപ്രായപ്പെടുന്നു.
വൈവിധ്യമില്ലാത്ത ജനിതക കുഞ്ഞുങ്ങളിൽ സാംക്രമിക രോഗപ്പകർച്ച തടയാൻപോലും പ്രയാസമാകുമെന്നും വിദഗ്ധർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ പ്രത്യുൽപാദന അവകാശം സംരക്ഷിക്കാനും അവരുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനും ദേശീയ വനിത കമീഷൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. അണ്ഡദാതാക്കളും സ്വീകർത്താക്കളും ബോധവാന്മാരാല്ലാത്തത് വന്ധ്യത ക്ലിനിക്കുകൾ ചൂഷണം ചെയ്യുന്നതെന്ന തിരിച്ചറിവിലാണ് പൊതു വിഭാഗം, കുടുംബക്ഷേമ വിഭാഗം പ്രതിനിധികളെക്കൂടിയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

