കേരളത്തിൽ ശിശുമരണനിരക്ക് ആശങ്കാജനകം; 2024ൽ സംസ്ഥാനത്തെ 1000ൽ എട്ട് കുട്ടികൾ മരിച്ചു
text_fieldsതിരുവനന്തപുരം: അഭിമാനമായി കരുതുന്ന നേട്ടത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽനിന്ന് എട്ടായി.
നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രതിരോധ കുത്തിവെപ്പിനോടുള്ള വിമുഖതയും അശാസ്ത്രീയ രീതികൾ പിന്തുടരുന്നതും സൂചിക ഉയരാൻ കാരണമാണോയെന്ന് പരിശോധിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാൾ കുറവാണെന്നാണ് കുറെക്കാലമായി സംസ്ഥാനം ഉയർത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടം.
ഏറ്റവും ഒടുവിൽ പുറത്തുവന്ന സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എട്ട് കുഞ്ഞുങ്ങൾ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്.
ദീർഘകാലത്തെ അതിതീവ്ര പരിശ്രമംകൊണ്ടാണ് ശിശുമരണ നിരക്ക് രണ്ടക്കത്തിൽനിന്ന് ഒറ്റയക്കത്തിലേക്ക് താഴ്ത്തിയത്. 1970കളിൽ 58 ആയിരുന്നു നിരക്ക്. 2010 മുതൽ ഏറെക്കാലം അത് 12ൽതന്നെ തുടർന്നു.
എന്തുകൊണ്ടാണ് ശിശുമരണ നിരക്ക് കുറയാത്തതെന്ന് പഠനം നടത്തി പരിഹരിക്കാനായി ശ്രമം. പോഷകക്കുറവാണ് കാരണമെന്ന് കണ്ടെത്തി. ഹൃദ്യം പോലെയുള്ള പദ്ധതികൾ ആവിഷ്കരിച്ചാണ് പോഷകക്കുറവ് പരിഹരിക്കാനുള്ള നീക്കം നടത്തിയത്. ഒടുവിൽ, 2018ൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കായ അഞ്ചിലെത്തി. അതാണ് 2024ൽ വീണ്ടും ഉയർന്നത്.
ദേശീയ തലത്തിൽ ശിശുമരണ നിരക്ക് 24 ആണ്. നിലവിൽ, ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം. എന്നാൽ, മരണനിരക്ക് ഉയർന്നതിനെ ഗൗരവത്തോടെ തന്നെ കാണണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധമരുന്ന് വിതരണത്തിൽ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വീട്ടിലെ പ്രസവം, അക്യുപങ്ചർ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

