ശിശുമരണം: ആരോഗ്യമന്ത്രി 31ന് അട്ടപ്പാടി സന്ദർശിക്കും
text_fieldsപാലക്കാട്: തുടർച്ചയായുള്ള ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 31ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ, പിന്നാക്ക ക്ഷേമ മന്ത്രി കെ.എ. തുളസി എന്നിവർ അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടി മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഉടൻ തന്നെ അട്ടപ്പാടിയിലെത്തി അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
അരിവാൾ രോഗം, അനീമിയ തുടങ്ങിയ രോഗങ്ങൾ നിലനിൽക്കുന്നതാണ് അട്ടപ്പാടി മേഖലയിലെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണം. പോഷകാഹാരം ലഭ്യമാക്കാൻ അട്ടപ്പാടിയിലെ 200 ഊരുകളിൽ പ്രവർത്തിച്ചുവന്നിരുന്ന കമ്യുണിറ്റി കിച്ചണുകൾ കഴിഞ്ഞ സർക്കാർ നാലിലൊന്നായി വെട്ടിക്കുറച്ചു. നിലവിൽ 35 കമ്യൂണിറ്റി കിച്ചണുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അംഗൻവാടികളിലൂടെ പോഷകാഹാരം വിതരണം ചെയ്യുന്നുണ്ടെങ്കിലും ചില വീഴ്ചകളുണ്ട്. ആദിവാസി സമൂഹം പോഷകാഹാരത്തോട് വിമുഖത കാണിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
ഗർഭിണികൾക്കാവശ്യമായ പോഷകാഹാരവും നിർദേശങ്ങളും വീട്ടിലെത്തി നൽകുന്നുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ജീവനക്കാരും മരുന്നും ഉണ്ടെങ്കിലും അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമല്ല. മേഖലയിൽ നാല് മൊബൈൽ ക്ലിനിക് യൂനിറ്റാണ് നേരത്തെ ഉണ്ടായിരുന്നത്. നിലവിൽ ആരോഗ്യവകുപ്പിന്‍റെ കീഴിൽ രണ്ടും എസ്.ടി വകുപ്പിന്‍റെ കീഴിൽ ഒരെണ്ണവും പ്രവർത്തിക്കുന്നുണ്ട്. എൻ.എച്ച്.എമ്മിന്‍റെ കീഴിൽ കരാറിലുണ്ടായിരുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവർത്തനം നിർത്തി.
ജില്ലയിലെ വിവിധ ആശുപത്രികളിലായി 107 ഡോക്ടർമാരുടെ ഒഴിവുകളാണുള്ളത്. ഇതിൽ 61 പേർക്ക് സർക്കാർ നിയമന ഉത്തരവ് നൽകിയെങ്കിലും 19 പേർ മാത്രമാണ് അഭിമുഖത്തിന് ഹാജരായത്. 11 പേർ ജോയിൻ ചെയ്ത ശേഷം തുടർപഠനത്തിന് പോയി. അതിനാൽ വീണ്ടും ഒഴിവ് വന്നിട്ടുണ്ട്. ഇത് നികത്താൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എം.പി വ്യക്തമാക്കി.
പോഷകാഹാര വിതരണത്തിലെ ഗുണമേന്മ ഉറപ്പാക്കണം -ഭക്ഷ്യസുരക്ഷ കമീഷൻ
പാലക്കാട്: അട്ടപ്പാടിയിലെ അംഗൻവാടികളിലും സ്കൂളുകളിലും പോഷകാഹാര വിതരണം ചെയ്യുന്നതിലെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യകമീഷൻ. കമീഷൻ ചെയർപേഴ്സൻ ഡോ. ജിനു സക്കറിയ ഉമ്മൻ, കമീഷൻ അംഗം മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തിൽ ദോണിഗുണ്ട്, വടകോട്ടത്തറ, വെച്ചപ്പതി ഊരുകളിലെ അംഗൻവാടികളിലും മട്ടത്തുക്കാട് ട്രൈബൽ ഹൈസ്കൂളിലും നടത്തിയ സന്ദർശനത്തിലാണ് നിർദേശം. അംഗൻവാടികളിലെ പയർ, കടല തുടങ്ങിയവയിൽ കാലാവധി രേഖപ്പെടുത്താത്ത പാക്കറ്റുകൾ കണ്ടെത്തിയതിൽ കമീഷൻ വിശദീകരണം തേടി. എഫ്.എ.ക്യു നിലവാരമുള്ള ഗോതമ്പ് ലഭ്യമാകാത്തതിനാൽ അംഗൻവാടികളിൽ പോഷകാഹാര വിതരണത്തിനായുള്ള ഗോതമ്പിന്റെ ലഭ്യതയിൽ കുറവുണ്ടെന്ന് ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ അറിയിച്ചു.
ശിശുമരണം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കുമുള്ള പോഷകാഹാര വിതരണം കൃത്യമായി നടക്കുന്നതായി കമീഷന് ബോധ്യപ്പെട്ടു. കുട്ടികൾ മരിച്ചവരുടെ മാതാപിതാക്കൾക്ക് കൃത്യമായി പോഷകാഹാരം ലഭ്യമാക്കിയിരുന്നതായും മനസ്സിലാക്കി. ജനനി ജന്മരക്ഷ പദ്ധതിയും സ്കൂളിലെ ഉച്ചഭക്ഷണ വിതരണവും കൃത്യമായി നടപ്പാക്കുന്നതായി കമീഷൻ വിലയിരുത്തി. ജില്ല സപ്ലൈ ഓഫിസർ എ.എസ്. ബീന, താലൂക്ക് സപ്ലൈ ഓഫിസർ വി. മനോജ്, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർ എം.കെ. അനീസ്, അസി. താലൂക്ക് സപ്ലൈ ഓഫിസർ രഞ്ജിനി, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ ടി.വി. മിനി മോൾ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ശ്രീലത, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

