Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപടർന്നുകത്തിയ...

പടർന്നുകത്തിയ ആഹ്ലാദത്തിൽ ഇന്ദിര ഭവൻ, മൗനം തളംകെട്ടി എ.കെ.ജി സെന്‍റർ

text_fields
bookmark_border
പടർന്നുകത്തിയ ആഹ്ലാദത്തിൽ ഇന്ദിര ഭവൻ, മൗനം തളംകെട്ടി എ.കെ.ജി സെന്‍റർ
cancel
camera_alt

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം കെ.പി.സി.സി ആസ്ഥാനത്ത് ഉമ്മൻ ചാണ്ടിക്ക് മധുരം പങ്കിട്ട് ആഘോഷിക്കുന്ന രമേശ് ചെന്നിത്തല

Listen to this Article

തിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം പടർന്നുകത്തിയ ആവേശാരവങ്ങളിൽ ഇളകിമറിഞ്ഞ് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവൻ. 'അവിശ്വസനീയ' പരാജയത്തിന്‍റെ ആഘാതത്തിൽ മൗനം തളംകെട്ടി സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍റർ. നെഞ്ചിടിപ്പോടെ കേരളം കടന്നുപോയ മണിക്കൂറുകളിലെ ഭാവമാറ്റങ്ങൾ ഇവിടെയെത്തിയ നേതാക്കളിലും അണികളിലും പ്രകടമായിരുന്നു.

കേക്ക്.. മത്താപ്പ്..പടക്കം...മുദ്രാവാക്യം...

രാവിലെ എട്ടോടെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ജീവനക്കാരും രണ്ട് പ്രവർത്തകരും മാത്രമാണ് ഇന്ദിര ഭവനിലുണ്ടായിരുന്നത്. നല്ല ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ് ക്യാമ്പ്. ഓഫിസിലെ പ്രധാന ഹാളിൽ തന്നെ ടി.വിയും നേതാക്കൾക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിരുന്നു. ഒമ്പതോടെ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്‌ണനെത്തി. ലീഡ് നില 2000 കടന്നെന്ന് കണ്ടതോടെ ആശങ്കകൾ ആഹ്ലാദത്തിന് വഴിമാറി. പിന്നാലെ, പടക്കം വാങ്ങാനുള്ള തയാറെടുപ്പുകൾ.

രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും കൂടുതൽ പ്രവർത്തകർ ഓഫിസിലേക്ക്. ഓരോ റൗണ്ടിലെയും ലീഡിനൊപ്പം മുദ്രാവാക്യം വിളി ഉയർന്നു. പിന്നാലെ, പാലോട് രവിയുമെത്തി. ഉമക്ക് 20,000-25,000 ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചനം നടത്തിയ ഒരേയൊരാൾ താനാണെന്ന അവകാശവാദവുമായാണ് ചെറിയാൻ ഫിലിപ്പെത്തിയത്. ഭൂരിപക്ഷം 9000ലേക്ക് എത്തിയപ്പോഴേക്കും വന്ന രമേശ് ചെന്നിത്തലയെ നേതാക്കൾ പുറത്തേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിച്ചു. പിന്നീട്, ടി.വി റിമോട്ടിന്‍റെ നിയന്ത്രണം ചെന്നിത്തലയുടെ കൈകളിലേക്ക്. പിന്നാലെ, ഉമ്മൻചാണ്ടി, കൊടിക്കുന്നിൽ സുരേഷ്, എൻ. ശക്തൻ തുടങ്ങിയവർ. ഭൂരിപക്ഷം 15,000 കടന്നപ്പോഴേക്കും പ്രവർത്തകർ കൊടിതോരണങ്ങൾ വീശി പടക്കം പൊട്ടിക്കാൻ തുടങ്ങി. മത്താപ്പൂ കത്തിച്ച് ആഘോഷങ്ങളുടെ മുന്നിൽ നിന്നത് വി.ടി. ബൽറാമാണ്.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം എ.കെ.ജി സെന്‍ററിൽനിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം ഇന്ദിര ഭവനിൽ പടക്കം പൊട്ടുന്നത് ഇപ്പോഴാണെന്ന് ചെറിയാൻ ഫിലിപ്പിന്‍റെ കമന്‍റ്. വിജയം ആഘോഷിച്ച് ഹൈബി ഈഡ‍ന്‍റെ ഭാര്യ അന്ന ഈഡന്റെ ആക്ഷേപനൃത്തം ടി.വിയിൽ കണ്ട് നേതാക്കൾ പൊട്ടിച്ചിരിച്ചു. കേക്ക് മുറിക്കലായി പിന്നെ. എം.എം. ഹസൻ കേക്ക് കഷണം രമേശ് ചെന്നിത്തലക്ക് നൽകി, ഉമ്മൻ ചാണ്ടിക്കും. പിന്നാലെ, ചെന്നിത്തല ഉമ്മൻ ചാണ്ടിക്കും കേക്ക് നൽകി. തുടർന്ന്, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വാർത്തസമ്മേളനത്തിലേക്ക്.

കനംവെച്ച നിരാശ, മൂകതയുടെ ദുഃഖവെള്ളി

വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ആത്മവിശ്വാസത്തിൽ വിള്ളൽ വീണ നിലയിലായിരുന്നു എ.കെ.ജി സെന്‍റർ. സ്വീകരണ ഹാളിൽ ഒരു മൂലയിൽ തുറന്നുവെച്ച ടെലിവിഷൻ. ഹാളിൽ പലഭാഗങ്ങളിലായി നിരത്തിയ കസേരകളിൽ മന്ത്രിമാരുടെ ഗൺമാന്മാരും രണ്ടോ മൂന്നോ സന്ദർശകരും. പാർട്ടി ആസ്ഥാനത്തെ പതിവ് തിരക്കുകളില്ല. വോട്ടെണ്ണൽ വിവരങ്ങൾ ചാനലുകൾ വഴിയെത്തുമ്പോൾ മൂകത കനത്തു. ആരും പരസ്പരം സംസാരിക്കുന്നില്ല. ഇടക്ക് ചിലർ നേതാക്കളെ കാണാനെത്തി.

അന്തരീക്ഷം മനസ്സിലാക്കി അവരും പതുക്കെ മടങ്ങി. അത്യാവശ്യം നിരൂപണ സ്വഭാവത്തിൽ വോട്ടെണ്ണൽ വാർത്ത അവതരിപ്പിക്കുന്ന ചാനലായിരുന്നു വെച്ചിരുന്നത്. പരാജയത്തിന്‍റെ നിരാശക്കിടയിൽ വിമർശനം കൂടി സഹിക്കാനാവാഞ്ഞാകണം ഒരാൾ റിമോട്ടെടുത്ത് ചാനൽ മാറ്റി, പാർട്ടി ചാനലിലേക്ക്. ഇതിനിടെ, 10 മണിയോടെ മുഖ്യമന്ത്രിയെത്തി. സി.പി.എം സെക്രട്ടേറിയറ്റ് നടക്കുന്ന ദിവസമായതിനാൽ മറ്റ് അംഗങ്ങളും. രാവിലെ 10.30 ഓടെ തുടങ്ങിയ സെക്രട്ടേറിയറ്റ് യോഗം തീർന്നപ്പോൾ 1.30 ആയി. മന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പുറത്തേക്ക്. മന്ത്രി രാജീവ് മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira BhavanAKG Centerthrikkakkara by election
News Summary - Indira Bhavan in delight and AKG Center in silence
Next Story