കരിപ്പൂർ: ഇടവേളക്ക് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹൈദരാബാദിലേക്ക് സർവിസ് പുനരാരംഭിച്ചു. 74 പേർക്ക് സഞ്ചരിക്കാവുന്ന എ.ടി.ആർ ഉപയോഗിച്ച് ഇൻഡിഗോയാണ് സർവിസ് തുടങ്ങിയത്. ബുധൻ, വെള്ളി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ടിന് ഹൈദരാബാദിൽനിന്ന് പുറപ്പെട്ട് 9.45ന് കരിപ്പൂരിലെത്തും. 10.15ന് മടങ്ങുന്ന വിമാനം 12ന് ഹൈദരാബാദിലെത്തും.
ഹൈദരാബാദിൽനിന്ന് 41 പേരാണ് ആദ്യസർവിസിലുണ്ടായിരുന്നത്. മടക്കയാത്രയിൽ 65 പേരും. നേരത്തെയുണ്ടായിരുന്ന ഹൈദരാബാദ് സർവിസ് പിന്നീട് പിൻവലിക്കുകയായിരുന്നു.
കരിപ്പൂരിൽ നിന്നുള്ള ഇൻഡിഗോയുടെ അഞ്ചാമത്തെ ആഭ്യന്തര സർവിസ് സെപ്റ്റംബർ പത്ത് മുതൽ മുംബൈയിലേക്ക് ആരംഭിക്കും. ആദ്യ ആഴ്ചയിൽ െചാവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസ്. രാവിലെ 8.05ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 10.05ന് കരിപ്പൂരിലെത്തും. തിരിച്ച് 10.40ന് പുറപ്പെട്ട് 12.30ന് മുംബൈയിലും.
17 മുതൽ ഇത് പ്രതിദിന സർവിസാകും. ഉച്ചക്ക് 12.30ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 2.35ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 3.05ന് പുറപ്പെട്ട് 4.55നാണ് മുംബൈയിലെത്തുക. നിലവിൽ ബംഗളൂരുവിലേക്ക് രണ്ടും ചെന്നൈയിലേക്ക് ഒരു സർവിസുമാണ് ഇൻഡിഗോ നടത്തുന്നത്. ഒക്ടോബർ 25ന് ഡൽഹിയിലേക്ക് പുതിയ സർവിസും ചെന്നൈയിലേക്ക് ഒരു അധിക സർവിസും കൂടി ആരംഭിക്കുന്നുണ്ട്. സ്പൈസ് ജെറ്റ് ഒക്ടോബർ ഒന്നിന് മുംബൈയിലേക്കും തുടങ്ങുന്നുണ്ട്.