മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത് ആറുപേർ; തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
text_fieldsകൽപ്പറ്റ: വയനാട് ബാണാസുര വനത്തിലെ ഭാസ്കരൻപാറയിൽ വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടത് ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലി സ്ഥിരീകരിച്ചു. അതേസമയം, ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും എസ്.പി പറഞ്ഞു. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും എസ്.പി പറഞ്ഞു.
ആന്‍റി നക്സൽ ടെറർ സ്ക്വാഡ് മേധാവി ചൈത്ര തെരേസ ജോൺ ഏറ്റുമുട്ടലുണ്ടായ മേഖലയിലെത്തി. തമിഴ്നാട് സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാത്തതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍ പറഞ്ഞു. പരിക്കേറ്റ ആരെങ്കിലും കസ്റ്റഡിയിലുണ്ടെങ്കില്‍ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
രാവിലെ 8.30നും ഒൻപതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു.
ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോവാദി ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.