ഇന്ത്യൻ ബഹിരാകാശം, ഇനി മലയാളികൾ ഭരിക്കും
text_fieldsഐ.എസ്.ആർ.ഒ ചെയര്മാന് സോമനാഥും (വലത്ത്) വി.എസ്.എസ്.സി ഡയറക്ടറര്‍
എസ്. ഉണ്ണികൃഷ്ണൻ നായരും
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെയും തലപ്പത്ത് മലയാളികൾ എത്തിയതോടെ ഇനി ഇന്ത്യൻ ബഹിരാകാശ രംഗം 'കേരളം ഭരിക്കും'. ആലപ്പുഴ തുറവൂർ സ്വദേശി എസ്. സോമനാഥിന് ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്ര ചുമതല നൽകി ദിവസങ്ങൾ കഴിയുമ്പോഴാണ് വിക്രം സാരാഭായ് സ്േപസ് സെന്ററിന്റെ ചുക്കാൻ കോട്ടയം കോതനല്ലൂർ സ്വദേശി എസ്. ഉണ്ണികൃഷ്ണൻ നായരെ ഏൽപ്പിച്ചത്. ഡോ. ജി.മാധവൻ നായർ ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കെ ഡോ. കെ. രാധാകൃഷ്ണൻ വി.എസ്.എസ്.സി ഡയറക്ടറായതിന് ശേഷം ആദ്യമാണ് തലപ്പത്തെ മലയാളിത്തിളക്കം.
ഒരേ കളരിയിൽ ബഹിരാകാശ ശാസ്ത്ര പാഠങ്ങൾ പഠിച്ച സമകാലികരും സുഹൃത്തുകളുമാണ് ഡോ. സോമനാഥും ഉണ്ണികൃഷ്ണൻ നായരും. ഇരുവരും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിൽ നിന്ന് എയ്റോ സ്പേസ് എൻജിനീയറിങ്ങിലാണ് എം.ടെക് നേടിയത്. 1985ല്‍ ആദ്യ പി.എസ്.എല്‍.വി റോക്കറ്റ് നിര്‍മാണത്തിനായി ഇരുവരും വലിയമല ഐ.എസ്.ആർ.ഒ യിലെത്തി. അന്ന് സോമനാഥിനൊപ്പം കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി വി.പി. ജോയിയും ഉണ്ടായിരുന്നു. വി.പി. ജോയി ഐ.എ.എസ് നേടി കേരളത്തിന്റെ ഉദ്യോഗസ്ഥ തലപ്പത്ത് ഉണ്ടെന്നതും മറ്റൊരു കൗതുകം.ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗന്യാന് അടക്കം ഒരുപിടി സുപ്രധാന പദ്ധതികളാണ് ഇരുവർക്കും മുന്നിലുള്ളത്. ഗഗൻയാനിന്റെ ബുദ്ധികേന്ദ്രങ്ങളിൽ പ്രധാനിയാണ് ഉണ്ണികൃഷ്ണൻ നായർ. ഗഗന്‍യാനിന്റെ ആളില്ലാ പരീക്ഷണം ഈ വര്‍ഷം ആദ്യ പകുതിയില്‍ നടക്കും. വിജയിച്ചാല്‍ അടുത്ത വര്‍ഷം ബഹിരാകാശ യാത്ര. ആലപ്പുഴ സ്വദേശി ആര്. ഹട്ടനും ഗഗൻയാൻ േപ്രാജക്ട് ഡയറക്ടറായി ഒപ്പമുണ്ട്.
ചന്ദ്രയാന്‍ മൂന്നിന്റെ പ്രവർത്തനങ്ങൾ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡറും റോവറും ഇറക്കാനാണ് പദ്ധതി. സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും പുറംപാളിയെക്കുറിച്ചും പഠിക്കാനുള്ള ആദിത്യ എല്‍ 1, ശുക്രനെപ്പറ്റി പഠിക്കാനുള്ള ശുക്രയാൻ, പുത്തന്‍ ഗ്രഹങ്ങളെ കണ്ടെത്താനും പ്രപഞ്ച ഉല്പത്തിയെക്കുറിച്ച വിവരങ്ങള്‍ ശേഖരിക്കാനുമുള്ള ആസ്ട്രോസാറ്റ്-2, പുനരുപയോഗ്യ റോക്കറ്റ്, എസ്.എസ്.എൽ.വി എന്ന ചെറു വിക്ഷേപണ വാഹനം, കോസ്മിക് കിരണങ്ങൾ പഠിക്കാനുള്ള എക്സ്പോ സാറ്റ് എന്നിവയൊക്കെ രാജ്യം ഇനി സ്വപ്നം കാണുന്നത് ഈ രണ്ട് മലയാളികളിലൂടെയാകും.
ഉണ്ണികൃഷ്ണൻ നായർ കോതമംഗലം മാർ അതനേഷ്യസിൽനിന്നാണ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയത്. 1985ൽ വി.എസ്.എസ്.സിയിൽ ചേർന്നു. അഡ്വാൻസ് സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം (എ.എസ്.ടി.എസ്) പ്രോഗ്രാം ഡയറക്ടർ, വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ (സ്ട്രക്ച്ചേഴ്സ്), ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പദ്ധതിയുടെ ആദ്യ പ്രോജക്ട് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.
അന്താരാഷ്ട്ര അസ്ട്രോണമിക്കൽ അസോസിയേഷന്റെ പഠന ഗ്രൂപ്പുകളുടെ തലവനായിരുന്നു. മൂന്നു പുസ്തകം രചിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ (ഐ.ഇ.ഐ), സൊസൈറ്റി ഫോർ ഫെയില്യുർ അനാലിസിസ്, അക്കൗസ്റ്റിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷനൽ സൊസൈറ്റി ഫോർ എയ്റോസ്പേസ് ആൻഡ് റിലേറ്റഡ് മെക്കാനിസം തുടങ്ങിയ പ്രഫഷനൽ അക്കാദമിക് ബോഡികളിൽ ഫെലോ ആണ്.
വി.എസ്.എസ്.സി മുൻ കമ്പ്യൂട്ടർ എൻജിനീയർ ജയ ജി. നായരാണ് ഭാര്യ. മക്കൾ: ഐശ്വര്യ നായർ (എൻജിനീയർ, മുംബൈ), ചൈതന്യ നായർ (ബിരുദ വിദ്യാർഥി, പുണെ)