സംസ്ഥാന പാമ്പ് പദവിയിലേക്ക് ഉയരാനൊരുങ്ങി നമ്മുടെ സ്വന്തം ചേര
text_fieldsകണ്ണൂർ: നമ്മുടെ പറമ്പുകളിൽ യഥേഷ്ടം വിഹരിക്കുന്ന ചേരയെ സംസ്ഥാന പാമ്പ് പദവിലേക്കുയർത്താൻ ശിപാർശ ചെയ്ത് വനം വകുപ്പ്. മുഖ്യമന്ത്രി ചെയർമാനായ വന്യജീവി ബോർഡിന്റെ ഇന്ന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജനവാസമേഖലയിൽ സർവസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പാണ് ചേര. എലിശല്യം കുറക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ കർഷക മിത്രമെന്നും ചേരയെ വിശേഷിപ്പിക്കാറുണ്ട്.
കൃഷിയിടങ്ങളിലെ ധാന്യവും കിഴങ്ങും നശിപ്പിക്കുകയും പകർച്ചവ്യാധികൾക്കിടയാക്കുകയും ചെയ്യുന്ന എലികളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ചേരയെ സംരക്ഷിക്കുന്നതിലൂടെ കഴിയുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
എലികൾ മാത്രമല്ല അപകടകാരികളായേക്കാവുന്ന മൂർഖൻ തുടങ്ങിയ ഉഗ്ര വിഷപ്പാമ്പുകളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കാറുണ്ട്. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട് എന്നാൽ ഇവ എല്ലാം ഒരേ സ്‌പീഷീസിൽ പെടുന്നതാണ്. സംരക്ഷണ പ്രാധാന്യമർഹിക്കുന്ന ജീവിയാണെന്നതിനാലാണ് വന്യജീവി ബോർഡിന് മുന്നിൽ വനംവകുപ്പ് ചേരയെ സംസ്ഥാന പാമ്പ് പദവിയിലേക്കുയർത്താൻ ശിപാർശ ചെയ്തിട്ടുള്ളത്.
മനുഷ്യ മൃഗ സംഘർഷം ഏറുകയും പാമ്പു കടിയേറ്റുള്ള മരണങ്ങളും പെരുകുന്ന സാഹചര്യത്തിലാണ് ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശമുയർന്നത്. സംസ്ഥാന മൃഗം, പക്ഷി, മീന്‍ എന്നിവക്കൊപ്പം സംസ്ഥാന ഉരഗം കൂടി വേണമെന്ന നിര്‍ദ്ദേശമാണ് വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

