വിസ്മയമായി നാവികപ്രകടനം
text_fieldsനാവികസേനാ ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച അഭ്യാസപ്രകടനത്തിൽനിന്ന്
കൊച്ചി: ആകാശത്ത് നാവികവിമാനങ്ങൾ വട്ടമിട്ടു, ഓളപ്പരപ്പിൽ യുദ്ധക്കപ്പലുകൾ അണിനിരന്നു. ആ നേരം കൊച്ചിയുടെ സായാഹ്നം കണ്ടുനിന്നത് നാട് കാക്കുന്ന സൈന്യത്തിന്റെ ധീരതയുടെ പ്രകടനം. രക്ഷാപ്രവർത്തനം മുതൽ സുരക്ഷാനടപടികൾ വരെ നീളുന്ന ഇന്ത്യൻ നേവിയുടെ അതിസാഹസിക പ്രകടനങ്ങൾ ശ്വാസമടക്കിപ്പിടിച്ച് കാണികൾ വീക്ഷിച്ചു.
നാവികസേനാ ദിനാഘോഷത്തോടനുബന്ധിച്ച് രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണ നാവികസേന കമാൻഡിങ് ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം വേദിയിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ കൊച്ചി കായലിന് മുകളിൽ ആകാശത്ത് പറന്നെത്തിയ നേവിയുടെ എം.എച്ച് 60ആർ ഹെലികോപ്ടറെത്തി ചെയ്ത സല്യൂട്ട് ശ്രദ്ധേയമായിരുന്നു. തുടർന്ന്, ഇന്ത്യൻ നേവിയുടെ കരുത്ത് വിളിച്ചറിയിക്കുന്ന പ്രകടനങ്ങൾ അരങ്ങേറി.
വിമാനങ്ങളുടെ നീണ്ടനിര ഒരുമിച്ച് ആകാശത്ത് ദൃശ്യമായി ഫ്ലൈപാസ്റ്റ് കൈയടികളോടെ ആളുകൾ സ്വീകരിച്ചു. തൊട്ടുപിന്നാലെ ചേതക് ഹെലികോപ്ടറുകൾ ഒരുമിച്ച് പറന്നെത്തി. രക്ഷാപ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഡോർണിയർ വിമാനങ്ങളും ആകാശത്ത് വിസ്മയം തീർത്തു.
തുടർന്ന്, ഓളപ്പരപ്പിൽ ഐ.എൻ.എസ് സുനൈന കപ്പലെത്തി. യുദ്ധമുഖത്ത് രക്ഷാകരങ്ങളൊരുക്കുന്ന പ്രവർത്തനങ്ങളാണ് അവിടെ പിന്നീട് നടന്നത്. ഐ.എൻ.എസ് ശർദ കപ്പലിന്റെ ഹെലിപാഡിലേക്ക് ഹെലികോപ്ടർ പറന്നിറങ്ങുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. ചെറു ഹെലിപാഡിൽ ലാൻഡ് ചെയ്യുകയെന്നതുതന്നെ ദുർഘടമാണെന്നിരിക്കെയാണ്, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിലേക്ക് ഹെലികോപ്ടർ ഇറങ്ങിയത്.
മികച്ച പരിശീലനം സിദ്ധിച്ച പൈലറ്റുമാർക്ക് മാത്രം സാധ്യമാകുന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണിതെന്ന് നേവി ഉദ്യോഗസ്ഥർ വിശദീകരിച്ചു. തൊട്ടുപിന്നാലെ ആകാശത്ത് ചേതക്, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ പറന്നെത്തി രക്ഷാപ്രവർത്തനത്തിന്റെ മാതൃക അവതരിപ്പിച്ചു.
എ.എൽ.എച്ച് ഹെലികോപ്ടർ കായൽപരപ്പിന് തൊട്ടുമുകളിലേക്ക് പറന്നിറങ്ങി നാവികരെ വെള്ളത്തിലേക്ക് ഇറക്കുകയും വീണ്ടും പറന്നുയർന്നശേഷം വെള്ളത്തിലുള്ളവരെ രക്ഷപ്പെടുത്തി മുകളിലേക്ക് ഉയർത്തിയെടുക്കുകയും ചെയ്യുന്ന രക്ഷാപ്രവർത്തനം അവതരിപ്പിച്ചു. അക്രമികൾ തട്ടിയെടുക്കുന്ന ബോട്ട് ഹെലികോപ്ടറിലെത്തി നാവികസേന കീഴ്പ്പെടുത്തുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും ശ്രദ്ധേയമായിരുന്നു.
പിന്നീട് ഐ.എൻ.എസ് സുദർശനി പരിശീലന പായ്ക്കപ്പലുകളും എത്തി. അക്രമികളെ മുങ്ങൽ വിദഗ്ധരെത്തി കീഴ്പ്പെടുത്തുന്നതും ഹെലികോപ്ടറിലെത്തി കായലിലിറങ്ങുന്ന നാവികർ ശത്രുക്കളുടെ കേന്ദ്രം തകർക്കുന്നതും നേവി അവതരിപ്പിച്ചു. നേവി ബാൻഡ് പ്രകടനങ്ങളും വേദിയിൽ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

