ഇന്ത്യ-യു.എസ് കരാർ: പ്രതീക്ഷയോടെ സമുദ്രോൽപന്ന മേഖല
text_fieldsകൊച്ചി: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യ-യു.എസ് വാണിജ്യ പ്രതിസന്ധിക്ക് അയവുവന്നതോടെ സമുദ്രോൽപന്ന കയറ്റുമതി മേഖല പ്രതീക്ഷയിൽ. കരാറിനെ തുടർന്ന് ഇറക്കുമതി തീരുവ 18 ശതമാനത്തിലേക്ക് കുറയുന്നതോടെ ഏറക്കുറെ നഷ്ടമായ യു.എസ് വിപണിയിലെ മുൻതൂക്കം പൂർണമായി തിരിച്ചുപിടിക്കാനാവുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ. നിരവധി സമുദ്രോൽപന്ന സംസ്കരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥക്കും കരാർ ഏറെ ഗുണകരമാകും.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്കും 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതിനുപുറമെ ഇന്ത്യ യു.എസ് ഉൽപന്നങ്ങളുടെ ഇറക്കുമതി അധിക നികുതി ചുമത്തി തടയുന്നു എന്നാരോപിച്ച് പകരം നികുതി 25 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈ നടപടികളെ തുടർന്ന് യൂ.എസിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഉൽന്നങ്ങൾക്കുമൊപ്പം സമുദ്രോൽപന്നങ്ങൾക്കും തീരുവ 50 ശതമാനമായി ഉയർന്നു. ഇതോടെ ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ യു.എസിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇത് കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി കുത്തനെ ഇടിയാനും കാരണമായി.
2024-25 സാമ്പത്തിക വർഷം ഇന്ത്യ യു.എസിലേക്ക് 278 കോടി ഡോളറിന്‍റെ സമുദ്രോൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഉൽപന്നങ്ങളുടെ അളവിൽ 15 ശതമാനവും മൂല്യത്തിൽ 6.3 ശതമാനവും കറവുവന്നു. 2024 ഏപ്രിൽ മുതൽ നവംബർ വരെയുടെ കാലയളവിൽ 236061 മെട്രിക് ടൺ സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വഴി 183.54 കോടി ഡോളറാണ് ഇന്ത്യക്ക് ലഭിച്ചത്. 2025ൽ ഇതേകാലയളവിൽ കയറ്റുമതി 201501 മെട്രിക് ടണ്ണായും മൂല്യം172 കോടി ഡോളറായും കുറഞ്ഞു.
2025 ആഗസ്റ്റ് ഏഴിനാണ് ട്രംപ് ആദ്യം ഇന്ത്യൻ ഉൽപന്നങ്ങളുടെ നികുതി 25 ശതമാനമായി വർധിപ്പിച്ചത്. ആഗസ്റ്റ് 27ന് ഇത് 50 ശതമാനമായി ഉയർത്തുകയും ചെയ്തു. വെറും അഞ്ചുമാസം കൊണ്ടാണ് കയറ്റുമതി വരുമാനത്തിൽ 11 കോടി ഡോളർ (ഏകദേശം 1000 കോടി രൂപ) കുറവുവന്നത്. പ്രതികാര നികുതി തുടർന്നിരുന്നെങ്കിൽ മുഴുവൻ വർഷത്തേക്ക് നഷ്ടം 2000 മുതൽ 2500 കോടി രൂപവരെ ആകുമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ-യു.എസ് കരാർ യാഥാർഥ്യമായതോടെ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് യു.എസ് വിപണിയിലെ നഷ്ടപ്രതാപം പൂർണമായി വീണ്ടെടുക്കാൻ കഴിയുമെന്ന് സീഫുഡ് എക്സ്പേർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.എ.ഐ) പ്രസിഡന്‍റ് ജി. പവൻകുമാർ പറഞ്ഞു.
യു.എസ് സമുദ്രോൽപന്ന വിപണിയിൽ ഇന്ത്യയുടെ മുഖ്യഎതിരാളികളായ എക്വഡോറിന് 15ഉം ഇന്തോനേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് 19ഉം വീയറ്റ്നാമിന് 20ഉം ശതമാനം വീതമാണ് നികുതി. ട്രംപ് അധിക തീരുവ ചുമത്തിയതോടെ ഈ രാജ്യങ്ങളുമായി മത്സരിച്ച് യു.എസ് വിപണിയിൽ പിടിച്ചുനിൽക്കുകയെന്നത് ഏറെ പ്രയാസകരമായിരുന്നുവെന്ന് എസ്.ഇ.എ.ഐ സി.ഇ.ഒ ഡോ. കെ.എൻ. രാഘവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യക്ക് ബാധകമായ നികുതി നിരക്ക് 18 ശതമാനത്തിലേക്ക് കുറച്ചതോടെ ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് ഏറെ അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

