പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം; ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം- വി.ഡി സതീശൻ
text_fieldsമലപ്പുറം: പാലക്കാട് കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജലീലിന്റേത് രാജ്യദ്രോഹ പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കൊലപാതകത്തില്‍ രാഷ്ട്രീയ വൈരാഗ്യം ഇല്ലെന്നാണ് എസ്.പി ആദ്യം പറഞ്ഞത്. പിന്നീട് എഫ്.ഐ.ആര്‍ ഇട്ടപ്പോള്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നും ബി.ജെ.പിയാണ് കൊലയ്ക്ക് പിന്നിലെന്നും പറഞ്ഞു.
സി.പി.എമ്മുകാര്‍ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നും അവര്‍ തമ്മില്‍ വൈരാഗ്യം ഉണ്ടായിരുന്നെന്നും തന്റെ മകന്‍ കൂടി അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്നെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ആളും വെളിപ്പെടുത്തി. ഇത്തരമൊരു പശ്ചാത്തലം കൂടി പരിഗണിച്ചായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം.
എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞശേഷം കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് പ്രചരിപ്പിച്ചത് മുതല്‍ സി.പി.എം സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ കേരളത്തില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. പൊലീസിന്റെ കൈയും കാലും കെട്ടിയിടാതെ ആരാണ് കുറ്റവാളിയെന്ന് അന്വേഷിച്ച് കണ്ടെത്തണം.
ഒരു കൊലപാതകവും സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ്. പക്ഷെ കൊലപാതകങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഗുണ്ടാ കൊറിഡോര്‍ രൂപപ്പെട്ടിരിക്കുകയാണ്. മയക്ക് മരുന്ന് സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഭരണകക്ഷി കുടപിടിച്ചു കൊടുക്കുകയാണ്.
എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞ കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിച്ചാല്‍ അത് സി.പി.എം നേതാക്കളിലേക്ക് എത്തിച്ചേരും. എന്നാല്‍ സ്വതന്ത്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാലക്കാട്ടെ കൊലപാതകത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം. പ്രതികള്‍ സി.പി.എമ്മുകാരാണെങ്കിലും ബി.ജെ.പിക്കാരാണെങ്കിലും അവരെ അറസ്റ്റ് ചെയ്യണം. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് പുറത്ത് വരേണ്ടത്.
രാജ്യദ്രോഹപരമായ പരാമര്‍ശമാണ് കെ.ടി ജലീല്‍ നടത്തിയത്. കാശ്മീരിനെ കുറിച്ച് സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു കാഴ്ചപ്പാടുണ്ട്. നയതന്ത്ര വേദികളില്‍ ഇക്കാര്യം വിവിധ സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്നത് പാകിസ്ഥാനാണ്. ദേശതാല്‍പര്യത്തിന് വിരുദ്ധമായ പ്രസ്താവനയാണ് ജലീല്‍ നടത്തിയത്. തള്ളിപ്പറഞ്ഞെന്ന് സി.പി.എം നേതാക്കള്‍ പറയുമ്പോഴും ജലീല്‍ പാര്‍ട്ടി സഹയാത്രികനായി തുടരുകയാണ്.
തങ്ങള്‍ക്ക് നേരിട്ട് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ സി.പി.എം നേതാക്കള്‍ ജലീലിനെക്കൊണ്ട് പറയിക്കുകയാണ്. ലോകായുക്ത അധ്യക്ഷന്റെ കുടുംബത്തെ വരെ അധിക്ഷേപിച്ചു. എന്നിട്ടും സി.പി.എം നേതാക്കള്‍ മിണ്ടിയില്ല. ഇ.ഡിക്കെതിരെ നിലപാടെടുക്കുന്ന സി.പി.എമ്മിന് എ.ആര്‍ നഗര്‍ ബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ച് കൊണ്ട് ജലീല്‍ കത്തയച്ചതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
മാധ്യമം ദിനപത്രത്തിന്റെ യു.എ.ഇ എഡിഷന്‍ അടച്ചുപൂട്ടാന്‍ മന്ത്രിയായിരിക്കെ നിയമവിരുദ്ധമായി വിദേശ ഭരണാധികാരിക്ക് കത്തയച്ചു. ആക്കാര്യം അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്കും സി.പി.എം നേതാക്കള്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്ത് ജലീല്‍ പരിഹാസ്യനായി മാറിയിരിക്കുകയാണ്. ഇന്‍വെര്‍ട്ടര്‍ കോമ ഇട്ടതു കൊണ്ട് ആസാദി കാശ്മീര്‍ എന്ന പരാമര്‍ശം രാജ്യവിരുദ്ധമല്ലാതാകില്ല. ആരുടെ താല്‍പര്യമാണ് ജലീല്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അറിയില്ല.
ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കേസുണ്ട്. അവിടെ നിന്നുണ്ടായേക്കാവുന്ന വിധി ഭയന്നാണ് ലോകായുക്തയുടെ പല്ലും നഖവും സര്‍ക്കാര്‍ ഊരിയെടുത്തത്. ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ലോകായുക്ത ബില്‍ കേരളത്തില്‍ പാസാകാന്‍ പാടില്ല. ഓര്‍ഡിന്‍സായി ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ സി.പി.ഐയുടെ നിലപാട് എന്താണെന്ന് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

