ബാങ്ക് നിക്ഷേപത്തിൽ വർധന; പ്രവാസി നിക്ഷേപത്തിൽ വളർച്ച
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10.97 ശതമാനം വർധനയെന്ന് സാമ്പത്തികാവലോകന റിപ്പോർട്ട്. 2023 മാർച്ചിലെ 7.13 ലക്ഷം കോടി രൂപയിൽനിന്ന് 2024 മാർച്ചിൽ 7.96 ലക്ഷം കോടിയായാണ് ബാങ്ക് നിക്ഷേപം വർധിച്ചത്. നിക്ഷേപങ്ങളുടെ വാർഷിക വളർച്ചനിരക്ക് മുൻവർഷം 7.98 ശതമാനമായിരുന്നെങ്കിൽ ഇക്കഴിഞ്ഞ വർഷം 10.78 ശതമാനമായി.
ബാങ്കുകളിലെ ആഭ്യന്തര നിക്ഷേപ വളർച്ചയിൽ കുറവ് വന്നപ്പോൾ പ്രവാസി നിക്ഷേപത്തിൽ വർധനവുണ്ടായി. 2024 മാർച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിൽ 5.25 ലക്ഷം കോടി രൂപ ആഭ്യന്തര നിക്ഷേപവും (മൊത്തം നിക്ഷേപത്തിന്റെ 66 ശതമാനം) 2.71 ലക്ഷം കോടി രൂപ (34 ശതമാനം) പ്രവാസി നിക്ഷേപവുമാണ്. ആഭ്യന്തര നിക്ഷേപത്തിന്റെ വളർച്ചനിരക്ക് 9.89 ശതമാനം. ഇത് മുൻവർഷത്തെ വളർച്ച നിരക്കിനേക്കാൾ കുറവാണ്. അതേസമയം പ്രവാസി നിക്ഷേപത്തിൽ 12.57 ശതമാനം വർധനവ് രേഖപ്പെടുത്തി.
പൊതുമേഖല ബാങ്കുകളുടെ 2024 മാർച്ച് വരെയുള്ള മൊത്തം പ്രവാസി നിക്ഷേപം 1.15 ലക്ഷം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 42.7 ശതമാനം വരും. ഈ കാലയളവിൽ സ്വകാര്യ വാണിജ്യ ബാങ്കുകൾക്ക് 1.49 ലക്ഷം കോടി രൂപയുടെ പ്രവാസി നിക്ഷേപമുണ്ട്. ഇത് മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 55 ശതമാനം വരും. തൊട്ട് മുൻവർഷം ഇത് 54.7 ശതമാനമായിരുന്നു. അന്ന് പൊതുമേഖല ബാങ്കുകളിൽ 43.3 ശതമാനവും.
ചെറുകിട ധനകാര്യ ബാങ്കുകൾക്കും 4120.9 കോടി (1.5 ശതമാനം) പ്രവാസി നിക്ഷേപം കിട്ടി. പ്രാദേശിക ഗ്രാമീണ ബാങ്കിന് 1828.6 കോടിയുടെ പ്രവാസി നിക്ഷേപം ലഭിച്ചു. സഹകരണ മേഖലയിലെ ബാങ്കുകൾക്ക് പ്രവാസി നിക്ഷേപമില്ല.
വിദ്യാഭ്യാസ വായ്പയിൽ വർധന
28,905 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പയായി നൽകിയത് 14,922.86 കോടി രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വർധനവാണ് വിദ്യാഭ്യാസ വായ്പയിലുള്ളത്. ഗുണഭോക്താക്കളായ വിദ്യാർഥികളുടെ എണ്ണത്തിലും 1.5 ശതമാനം വർധനവുണ്ടായി. മൊത്തം വിദ്യാഭ്യാസ വായ്പയുടെ 88.3 ശതമാനവും പൊതുമേഖല വാണിജ്യ ബാങ്കുകളാണ് നൽകിയത്. 2,46,282 വിദ്യാർഥികൾക്കായി 13,176.7 കോടി രൂപ. സ്വകാര്യ മേഖലയിലെ ബാങ്കുകൾ 25,985 വിദ്യാർഥികൾക്ക് 1198.8 കോടി രൂപ വിതരണം ചെയ്തു. പ്രാദേശിക ഗ്രാമീണ ബാങ്കുകൾ 1450 വിദ്യാർഥികൾക്ക് 432.3 കോടി രൂപയും ചെറുകിട ധനകാര്യ ബാങ്കുകൾ 631 വിദ്യാർഥികൾക്ക് 2.11 കോടി രൂപയും നൽകി. സഹകരണ ബാങ്കുകളുടെ വിഹിതം 113.01 കോടിയാണ്. 1697 വിദ്യാർഥികളാണ് ഗുണഭോക്താക്കൾ.
ഭവന വായ്പ കുറഞ്ഞു
സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും 2024 മാർച്ച് വരെ വായ്പയായി വിതരണം ചെയ്തത് 6.30 ലക്ഷം കോടി രൂപ. മുൻവർഷം നൽകിയ 5.47 ലക്ഷം കോടി രൂപയേക്കാൾ 15.1 ശതമാനത്തിന്റെ വർധന. സംസ്ഥാനത്തെ ബാങ്കുകൾ 43,043 കോടി രൂപ ഭവന വായ്പ നൽകി. മുൻവർഷത്തെ അപേക്ഷിച്ച് ഭവന വായ്പയിൽ 1.7 ശതമാനത്തിന്റെ കുറവുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

