കാർഷിക വായ്പ കൂടുന്നു; കഴിഞ്ഞ വർഷം 1.19 ലക്ഷം കോടി, ഈ വർഷം 1.38 ലക്ഷം കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക വായ്പയിൽ വലിയ വർധനയെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. 2022-23ല് 1.19 ലക്ഷം കോടിയായിരുന്നു കാർഷിക വായ്പയെങ്കിൽ 2023 -24ൽ ഇത് 1.38 ലക്ഷം കോടിയായാണ് വർധിച്ചത്. ഇതിൽ 1.04 ലക്ഷം കോടിയും പൊതുമേഖല ബാങ്കുകളാണ് നൽകിയത്. സ്വകാര്യമേഖലയുടെയും വാണിജ്യ ബാങ്കുകളുടെയും വിഹിതം 11000 കോടിയും സഹകരണ ബാങ്കുകളുടേത് 18000 കോടിയുമാണ്. 2021 മാർച്ച് മുതലുള്ള കണക്കുകൾ പ്രകാരം കാർഷിക വായ്പകൾ വർധന പ്രകടമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പാൽ ഉൽപാദനം കുറഞ്ഞു. അതേസമയം മാംസത്തിന്റെ ഉൽപാദനം വർധിക്കുകയും ചെയ്തു. 2022-23 സാമ്പത്തിക വർഷം 230 ലക്ഷം മെട്രിക് ടൺ പാലാണ് കേരളം ഉൽപാദിപ്പിച്ചത്. എന്നാൽ, 2023-24 ൽ ഇത് 220 മെട്രിക് ടണ്ണായി കുറഞ്ഞു. 2018-19 മുതൽ 2022-23 വരെ തുടർച്ചയായി 230 ലക്ഷം മെട്രിക് ടൺ എന്ന സ്ഥിരതയാർന്ന പാൽ ഉൽപാദനത്തിലാണ് ഈ ഇടിവ്.
അതേസമയം 2022-23 വർഷം 180 ലക്ഷം മെട്രിക് ടണ്ണായിരുന്നു കേരളത്തിൽ മാംസ ഉൽപാദനമെങ്കിൽ ഈ വർഷം 190 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. ഇതിൽ 43 ശതമാനവും പോത്തിറച്ചിയാണ്. 41 ശതമാനം കോഴിയിറച്ചിയും ഒരു ശതമാനം ആട്ടിറച്ചിയും നാല് ശതമാനം പന്നിയിറച്ചിയും 11 ശതമാനം മറ്റ് കന്നുകാലിയിനങ്ങളുമാണ്.
സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതി 38.86 ലക്ഷം ഹെക്ടറാണ്. ഇതിൽ കൃഷിയോഗ്യമായ ഭൂമി 25.6 ലക്ഷം ഹെക്ടറും (65.3 ശതമാനം) കൃഷി ചെയ്യുന്ന ഭൂമി 19.7 ലക്ഷം ഹെക്ടറും (50.8 ശതമാനം)ആണ്. കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി 6.1 ലക്ഷം ഹെക്ടറാണ് (15.7 ശതമാനം). വനപ്രദേശം 10.82 ലക്ഷം ഹെക്ടറും (27.8 ശതമാനം). മൊത്തം കൃഷി ഭൂമിയിൽ 9.8 ശതമാനം ഭക്ഷ്യവിളകളും 65.7 ശതമാനം നാണ്യവിളകളുമാണ്. മൊത്തം കൃഷിഭൂമിയുടെ 30.2 ശതമാനത്തോളം നാളികേര കൃഷിയുണ്ട്. തൊട്ടുപിന്നിലായി റബറും (21.6 ശതമാനം). നെല്ല് 7.1 ശതമാനവും മറ്റുതോട്ടവിളകൾ 28 ശതമാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

