ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്
text_fieldsതിരുവനന്തപുരം: എമ്പുരാൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ്. ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ്. 2022ൽ ആശീർവാദ് സിനിമാസിൽ നടന്ന റെയ്ഡിന്റെ തുടർച്ചയായിട്ടാണ് നടപടിയെന്നും എമ്പുരാൻ വിവാദുമായി ഇതിന് ബന്ധമില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
2022ൽ ദുബൈയിൽവെച്ച് മോഹൻലാലിന് രണ്ടര കോടി രൂപ ആന്റണി പെരുമ്പാവൂർ കൈമാറിയതിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് വിവരം. സിനിമകളുടെ ഓവർസീസ് ഇടപാടുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ എമ്പുരാൻ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. സിനിമയുടെ മറ്റൊരു നിർമാതാവായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ആർ.ബി.ഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി വാർത്താക്കുറിപ്പിലൂടെ ഇഡി അറിയിച്ചു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു.
ഗോകുലം ഗ്രൂപ്പ് 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഇ.ഡി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

