ബ്രേസ്‍ലറ്റുകൾ നിക്ഷേപിച്ചത് തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ; കവർച്ചക്കുശേഷം പ്രതികൾ പോയത് മിഥുന്റെ വീട്ടിലേക്ക്
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളിൽനിന്ന് കവർന്ന സ്വർണാഭരണങ്ങളിൽ കരിമണിമാലയുടെ മാതൃകയിലുള്ള ബ്രേസ്‍ലറ്റുകളും പൊലീസ് കണ്ടെത്തി. കവർച്ചക്കുശേഷം ഇത് തൃശൂർ ജില്ലയിലെ ഒരു ക്ഷേത്രഭണ്ഡാരത്തിലാണിട്ടിരുന്നത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി പൊലീസ് തൃശൂരിലെത്തിയാണ് ക്ഷേത്രം അധികൃതരെ അറിയിച്ച് ഭണ്ഡാരത്തിൽ നിന്ന് തൊണ്ടിമുതൽ കണ്ടെത്തിയത്.
സ്വർണം വിറ്റ പ്രതി ലിസൺ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇയാളുടെ വീട്ടിലാണ് സ്വർണം വിറ്റ പണം സൂക്ഷിച്ചിരുന്നത്. മിഥുൻ, സതീഷ്, ലിസൺ എന്നിവരിൽനിന്നാണ് തൊണ്ടിമുതൽ കണ്ടെത്തിയത്. കവർന്ന സ്വർണം ഉരുക്കി ഏഴ് കട്ടികളാക്കി നാലെണ്ണം മിഥുന്റെ വീട്ടിലും മൂന്നെണ്ണം ലിസണിന്റെ കൈവശം വിൽക്കാൻ നൽകിയ നിലയിലുമായിരുന്നു. അതിലൊന്ന് വിറ്റിരുന്നു. രണ്ടെണ്ണമാണ് കണ്ടെടുത്തത്.
ജ്വല്ലറി ഉടമകളെക്കുറിച്ച് വിവരം നൽകിയ താമരശേരി സ്വദേശികളായ അനസിന്റെ പേരിൽ 15 കേസും ശിഹാബിന്റെ പേരിൽ 22 കേസുമുണ്ട്. കണ്ണൂർ സ്വദേശികളായ നിജിൽരാജ്, പ്രഭിൻരാജ് എന്നിവരാണ് ജ്വല്ലറി കവർച്ചക്കായി ഒമാനിൽനിന്ന് എത്തിയത്. ഇവരുടെ പേരിൽ നിലവിൽ വേറെ കേസുകളില്ല. അജിത്താണ് ഇവരെ വിളിച്ചുവരുത്തിയത്. കവർച്ചക്കുശേഷം പ്രതികൾ മിഥുന്റെ വീട്ടിലേക്കാണ് പോയത്. മുഴുവൻ സ്വർണവും ഉരുക്കിയശേഷം വിറ്റ് പണമാക്കി വീതംവെക്കലായിരുന്നു ലക്ഷ്യം. ഉരുക്കാനുള്ള സ്വർണം സതീഷിനെയാണ് ഏൽപ്പിച്ചിരുന്നത്. ഉരുക്കാൻ തുടങ്ങും മുമ്പുതന്നെ ആദ്യ നാല് പ്രതികളെയും പിന്നീട് മറ്റു പ്രതികളെയും പൊലീസ് വലയിലാക്കി.
സംഘത്തിൽ ബാലഭാസ്കറിന്റെ ഡ്രൈവറും
സ്വർണക്കവർച്ച പ്രതികളിലൊരാൾ വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ. ബാലഭാസ്കർ മരിക്കുമ്പോൾ വാഹനമോടിച്ചതായി പറയുന്ന തൃശൂർ പാട്ടുറക്കൽ കുറിയേടത്ത് മനയിൽ അർജുൻ നാരായണാണ് ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിലും പ്രതിയായത്. ഒമ്പതംഗ സംഘത്തിലെ അഞ്ചുപേരെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് ഇയാളാണെന്ന് പൊലീസ് പറയുന്നു. അർജുൻ നാരായണിന്റെ പേരിൽ 2016ലും 2018ലും രണ്ട് കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.