ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ സംഭവം: ടിപ്പർ ഡ്രൈവർ അറസ്റ്റിൽ
text_fieldsഅഭിലാഷ് ചന്ദ്രൻ
കാട്ടാക്കട: ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയ ടിപ്പർ ലോറി ഡ്രൈവറെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട ഗുരുമന്ദിരം റോഡിൽ എസ്.എൻ നഗർ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രനെയാണ് (40) അറസ്റ്റ് ചെയ്തത്. കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ അഭിലാഷ് ചന്ദ്രനെ റിമാൻഡ് ചെയ്തു. വധശ്രമത്തിനുള്ള കേസാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചക്കാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നെടുമങ്ങാട് പാങ്ങോട് അരശുപറമ്പ് കിഴക്കിൻകര പുത്തൻവീട്ടിൽ അഖിലിനെ (23) അഭിലാഷ് ചന്ദ്രൻ ഓടിച്ചിരുന്ന ടിപ്പർ ലോറി ഇടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അഖിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോൺ മുഴക്കിയതിനെ ചൊല്ലിയുള്ള വിരോധം നിമിത്തം ടിപ്പർ ലോറിയുടെ പിറകുവശം കൊണ്ടുതട്ടി മരണംവരെ സംഭവിക്കുമായിരുന്ന തരത്തിൽ ദേഹോപദ്രവം ഏൽപിക്കണമെന്ന ഉദ്ദേശ്യത്തോടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു എന്നാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

