ലൈബ്രറി റൂമിൽ വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു
text_fieldsബാലരാമപുരം: ലൈബ്രറി റൂമിൽ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 13 അംഗ സംഘത്തെയാണ് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ശില്പ ദേവയ്യ നിയോഗിച്ചത്.
ബാലരാമപുരം അൽ-അമാൻ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള ഇടമനക്കുഴിയിലെ ഖദീജത്തുൽ കുബ്ര വനിത അറബിക് കോളജിലെ ലൈബ്രറി റൂമിൽ മേയ് അഞ്ചിനാണ് പ്ലസ് വൺ വിദ്യാർഥിനിയായ അസ്മിയ മോൾ(17) തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടരന്വേഷണത്തിനായി നെയ്യാറ്റിൻകര എ.എസ്.പി ടി. ഫറാഷിന്റെ നേതൃത്വത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ ടി. വിജയകുമാർ, പൂവാർ എസ്.എച്ച്.ഒ എസ്.ബി പ്രവീൺ, വനിത സെൽ സി.ഐ എൻ. സീന എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്.
പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ മാതാവാണ് മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടത്. ആദ്യം കുട്ടിയെ കാണാന്‍ മാതാവിന് അനുമതി ലഭിച്ചിരുന്നില്ല. പിന്നെ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് കാണാന്‍ അനുവദിച്ചത്. അപ്പോള്‍ മകള്‍ വീണു കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് ബന്ധുക്കളോട് മാതാവ് പറഞ്ഞത്.
കുട്ടിക്ക് സുഖമില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് മതപഠന കേന്ദ്രത്തില്‍ മാതാവ് എത്തിയത്. തൂങ്ങിമരിച്ചതാണെന്നാണ് സ്ഥാപന അധികൃതര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. ഉമ്മയും ഓട്ടോ ഡ്രൈവറും കൂടിയാണ് അസ്മിയയെ ആശുപത്രിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

