Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവ ദശകത്തിനൊപ്പം...

ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിതെന്ന് മുഖ്യമന്ത്രി; വെറുപ്പി​െൻറ ആശയത്തിനെതിരെ പുതിയ സമരമുഖം തുറക്കണം

text_fields
bookmark_border
Inauguration of Global Science Festival Kerala
cancel
camera_alt

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ്​ സയൻസസ്​ പാർക്കിൽ ആരംഭിച്ച ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ പിന്നിൽ തെളിഞ്ഞ മനുഷ്യവംശപരമ്പരയിലെ വർഗങ്ങളുടെ ചിത്രം. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രാവബോധവും യുക്തി ചിന്തയും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും അനിവാര്യമായ സവിശേഷ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മതേതര മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നതിനൊപ്പം സമൂഹത്തില്‍ വിഭാഗീയത സൃഷിടിക്കാനുള്ള ശ്രമങ്ങളും വര്‍ധിച്ചുവരികയാണ്. ശാസ്ത്ര ബോധമുള്ള, ശാസ്ത്രീയതയില്‍ അധിഷ്ഠിതമായ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടാണ് ചില അധികാര കേന്ദ്രങ്ങള്‍ ശാസ്ത്രം സമൂഹത്തില്‍ വേരോടാതിരിക്കാന്‍ ആകാവുന്നതെല്ലാം ചെയ്യുന്നത്.

വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ അവബോധം വളര്‍ത്തുന്നതിനു പകരം അധികാരസ്ഥാനത്തുള്ളവര്‍തന്നെ ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഇതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ടിവിടെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും പശു ശ്വസിക്കുമ്പോള്‍ ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളല്ല വിദ്യാലയങ്ങളാണ് വേണ്ടതെന്ന ഉദ്‌ബോധനം ഉയര്‍ന്ന രാജ്യമാണിത്. ശാസ്ത്രജ്ഞന്മാര്‍ക്കു പകരം ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന ആള്‍ദൈവങ്ങളാണ് ഇപ്പോള്‍ ഇവിടെ ആദരിക്കപ്പെടുന്നത്. ശാസ്ത്രമല്ല മതമാണ് രാജ്യ പുരോഗതിയിലേക്കുള്ള വഴി എന്നു ബോധപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ആത്യന്തിക ഫലം പാരതന്ത്ര്യമാണ്. ബോധപൂര്‍വ്വമായ അത്തരം ശ്രമങ്ങള്‍ മുളയിലേ നുള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പണ്ടേതന്നെ ശാസ്ത്ര ബോധത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ വെച്ചതുകൊണ്ടാണ് ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹോദരന്‍ അയ്യപ്പന്റെ കാലത്തു സയന്‍സിന്റെ പ്രധാന്യം കവിതയിലൂടെ പഠിപ്പിച്ച ചരിത്രമാണ് നമുക്കുള്ളത്. ദൈവ ദശകത്തിനൊപ്പം സയന്‍സ് ദശകവുമുണ്ടായ നാടാണിത്. സമൂഹമെന്ന നിലയില്‍ കേരളം ഒറ്റക്കെട്ടായി നിന്ന് ശാസ്ത്ര വിരുദ്ധതയെ പരാജയപ്പെടുത്തുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ശാസ്ത്ര അടിത്തറയുള്ളതുകൊണ്ടാണെന്നും ഇത് വിദ്വേഷത്തിന്റെ രാഷ്ട്രീയമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങള്‍ക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടനതന്നെ തരുന്നുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് യാര്‍ഥ രാജ്യസ്‌നേഹികള്‍ ചെയ്യേണ്ടത്. ശാസ്ത്രബോധം വളര്‍ത്തണം എന്നാവശ്യപ്പെടുന്ന ഭരണഘടന പ്രകാരം സ്ത്യപ്രതിജ്ഞ ചെയ്തവര്‍തന്നെ

ശാസ്ത്രബോധം തകര്‍ക്കുന്ന യുക്തിരഹിതമായ പ്രസ്താവനകള്‍ നടത്തുന്നു. കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങള്‍ നിലവില്‍ വരുത്തുക. അവയെല്ലാം പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയില്‍ വളര്‍ത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ശാസ്ത്രാവബോധമുള്ള തലമുറ നാടിന്റെ സമ്പത്താണ്. അവര്‍ക്കു മാത്രമേ നാടിനെ പുരോഗതിയിലേക്കു നയിക്കാനാകൂ. പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയല്ല. ഇത്തരം അബദ്ധങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ പ്രചരിപ്പിക്കുമ്പോള്‍ അവയിലെ പൊള്ളത്തരങ്ങള്‍

തുറന്നുകാട്ടുന്ന ശാസ്ത്രീയമായ വിശദീകരണവുമായി രംഗത്തുവരാനുള്ള സാമൂഹികമായ ഉത്തരവാദിത്വം ശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ട്. അവരത് ഏറ്റെടുക്കണമെന്നും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി പൊതു സമൂഹത്തിന്റെ മനസാക്ഷി ഉണര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏതാണ്ട് 35 ലക്ഷം വര്‍ഷം മുന്‍പ് ഇരുകാലില്‍ നിവര്‍ന്ന് നിന്നവര്‍ മുതല്‍ ആസ്റ്റ്രലോപിത്തക്കസ് അഫരന്‍സിസ്, ഹോമോ ഹാബിലിസ്, ഹോമോ ഇറക്ടസ്, ഹോമോ എര്‍ഗസ്റ്റര്‍, നിയാണ്ടര്‍ത്താല്‍ എന്നിങ്ങനെ പല സായന്‍സിക അറിവുകളുടെയും കലയുടെയും സംയോജനം വഴി പുനര്‍നിര്‍മ്മിച്ചെടുക്കപ്പെട്ട പൂര്‍വിക കുടുംബാംഗങ്ങളുടെ രൂപങ്ങള്‍ അനാച്ഛാദനം ചെയ്തുകൊണ്ടാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനായി. നാസയിലെ ലീഡ് പ്രോഗ്രാം സയന്റിസ്റ്റായ ഡോ. മധുലിക ഗുഹാത്തകുര്‍ത്ത, മന്ത്രിമാരായവി.ശിവന്‍കുട്ടി,ഡോ ആര്‍.ബിന്ദു, ജി.ആര്‍.അനില്‍, വീണ ജോര്‍ജ്ജ്, എ.എ. റഹിം എംപി, എംഎല്‍എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ആര്യ രാജേന്ദ്രന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ.പി.സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ ജി. തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanGlobal Science Festival
News Summary - Inauguration of Global Science Festival Kerala
Next Story