മൂന്ന് ദിവസം, 35 അംഗങ്ങൾ; കീഴടക്കിയത് ഹിമാലയത്തിലെ 12,400 അടി
text_fields35 അംഗ മലയാളി സംഘം ഹിമാലയം ട്രക്കിങ്ങിന് ഒരുങ്ങുന്നു
ചെറുതുരുത്തി (തൃശൂർ);: മൂന്ന് ദിവസംകൊണ്ട് ഹിമാലയത്തിലെ 12,400 അടി കീഴടക്കി 35 അംഗ മലയാളി സംഘം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സംഘമാണ് ഹിമാലയം ട്രക്കിങ് നടത്തിയത്. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ആസ്ഥാന ബയോ നാച്വറൽ ക്ലബിെൻറയും തൃശൂർ നെഹ്റു യുവ കേന്ദ്രയുടെയും പാലക്കാട് ആസ്ഥാനമായ ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിൽ ഫിറ്റ് ഇന്ത്യ സന്ദേശം എത്തിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. ദയറ ബുഗ്യായാലയിലെ 12,400 അടിയാണ് സംഘം കീഴടക്കിയത്.
സഞ്ചാരികൾ ഉപേക്ഷിച്ച മാലിന്യം നീക്കി സ്ഥലങ്ങൾ വൃത്തിയാക്കിയാണ് ഇവർ മടങ്ങിയത്. 16 മുതൽ 61 വയസ്സ് വരെയുള്ള സംഘത്തിൽ ഒമ്പത് സ്ത്രീകളുമുണ്ടായിരുന്നു. യാത്രയുടെ ഉദ്ഘാടനം ട്രക്കിങ് ഇൻസ്പെക്ടർ ഉത്തരകാശി സ്വദേശി രാജീവ് കുമാർ ഷാ നിർവഹിച്ചു. ആലപ്പുഴ അഡ്വവെഞ്ചർ ട്രക്കിങ് ചെയർമാനുമായ ലാരി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അലി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി.
ക്ലബ് അംഗങ്ങൾ, ശ്രീനാഥ് വൈക്കം, മാധ്യമപ്രവർത്തകൻ മണി ചെറുതുരുത്തി, തങ്കരാജ് നയന, ജോളി ചെറിയാൻ, ജഗദീഷ് തുടങ്ങിവർ സംസാരിച്ചു. ഗ്രീനറി ഗാർഡ് ഓഫ് ഇന്ത്യ പാലക്കാട് സെക്രട്ടറി നാരായണ സ്വാമി സ്വാഗതവും ബയോ നാച്വറൽ ക്ലബ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. അബ്ദുൽ സലാം നന്ദിയും പറഞ്ഞു.