സംസ്ഥാനത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ
text_fieldsകൊച്ചി: കേരളത്തിലെ എല്ലാ ഇന്ധന പമ്പുകളിലും ആവശ്യത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ശേഖരം ലഭ്യമാണെന്നവകാശപ്പെട്ട് പൊതുമേഖല എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് എന്നിവർ. ടെർമിനലുകളും ഡിപ്പോകളും മുതൽ ചില്ലറ വില്പന കേന്ദ്രങ്ങള്‍ വരെ സംസ്ഥാനത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയും ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് കേരളത്തിലെ എണ്ണ വ്യവസായ മേഖല സംസ്ഥാനതല കോഓഡിനേറ്റര്‍ ഗീതിക മെഹ്റ പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ഇന്ധന വിതരണം നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും ആവശ്യാനുസരണം എണ്ണശേഖരം എത്തിക്കുന്ന പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു.
കേരളത്തിലെ ഉപഭോക്താക്കളുടെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖല എണ്ണക്കമ്പനികൾ പൂർണസജ്ജമാണ്. ആശങ്ക മൂലം അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയോ അധികമായി ശേഖരിക്കുകയോ ചെയ്യരുത്. മേഖലയിലുടനീളം തടസ്സമില്ലാത്ത ഇന്ധനലഭ്യത ഉറപ്പാക്കുന്നതിന് ലോജിസ്റ്റിക്സ്, എണ്ണശേഖര നീക്കങ്ങൾ, ചില്ലറ വില്പന പ്രവർത്തനങ്ങൾ എന്നിവ എണ്ണ വ്യവസായ മേഖല സൂക്ഷ്മമായി ഏകോപിപ്പിച്ചു വരുകയാണ്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സാധാരണ നിലയില്‍ ഇന്ധന ഉപഭോഗം തുടരാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

