യഥാർഥ പ്രതി ഗൾഫിൽ; അതേപേരുള്ള അയൽവാസിയെ പിടികൂടി പൊലീസ്
text_fieldsപൊലീസ് ജയിലിലടച്ച ആലുങ്ങൽ അബൂബക്കർ
പൊന്നാനി: പൊന്നാനി പൊലീസ് ആളുമാറി നിരപരാധിയെ ജയിലിലടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങൽ അബൂബക്കറിനെയാണ് (32) മൂന്നു ദിവസം ജയിലിലടച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെളിയങ്കോട് സ്വദേശി വടക്കേപുറത്ത് അബൂബക്കറിനെതിരെയുള്ള കേസിലാണ് ആലുങ്ങൽ അബൂബക്കറിനെ ശിക്ഷിച്ചത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹികപീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതി സമീപവാസിയായ ആലുങ്ങൽ അബൂബക്കറിനെ ജയിലിലടക്കുകയായിരുന്നു.
പ്രവാസിയായ വടക്കേപുറത്ത് അബൂബക്കറിന്റെ ഭാര്യ നൽകിയ പരാതിയിൽ സമീപവാസിയായ ആലുങ്ങൽ അബൂബക്കറിനെ തിങ്കളാഴ്ച രാത്രിയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.
ആലുങ്ങൽ അബൂബക്കറും ഭാര്യയുമായി പിണക്കത്തിലാണ്. അതിനാൽ, തന്റെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്ന ധാരണയിലാണ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ശേഷം തന്റെ വീട്ടുപേരിലല്ല കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ, ഇരുവരുടെയും പിതാവിന്റെയും മാതാവിന്റെയും പേര് ഒന്നായതിനാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച ആലുങ്ങൽ അബൂബക്കറിനെ തിരൂരിലെ കുടുംബ കോടതിയിൽ ഹാജരാക്കി. കോടതി നാലുലക്ഷം രൂപ പിഴയിട്ടു. പിഴയടച്ചില്ലെങ്കിൽ തടവും വിധിച്ചു. പിന്നാലെ തവനൂർ ജയിലിലടച്ചു. വിവരമറിഞ്ഞ കുടുംബം കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിച്ചതോടെ ഇയാളെ പൊലീസ് വിട്ടയക്കുകയായിരുന്നു. പൊലീസിന്റെ വീഴ്ചയിൽ മൂന്നു ദിവസമാണ് ആലുങ്ങൽ അബൂബക്കർ ജയിൽശിക്ഷ അനുഭവിച്ചത്.
ഗാർഹികപീഡന കേസിൽ ശിക്ഷിക്കപ്പെട്ട വടക്കേപുറത്ത് അബൂബക്കറാകട്ടെ ഗൾഫിലാണ്. സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

