രാവിലെ 'എന്ത് രാജി?, എന്തിന് രാജി?', വൈകീട്ട് 5.55ന് രാജി; സംഭവ ബഹുലം സജി ചെറിയാന്റെ പകൽ
text_fieldsതിരുവനന്തപുരം: 'എന്ത് രാജി, എന്തിന് രാജി' എന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സജി ചെറിയാൻ വൈകീട്ട് രാജിവെച്ചത് നിൽക്കക്കള്ളിയില്ലാതെ. രാവിലെ 8.15ന് നിയമസഭയിലെത്തുമ്പോൾ രാജി സൂചന ഒന്നും ഇല്ലായിരുന്നു. അപ്പോൾ രാജിക്കായി പ്രതിപക്ഷ മുറവിളിയായിരുന്നു. അതിന്റെ പേരിൽ സ്പീക്കർ സഭ നിർത്തി.
പിന്നെ നേരെ സെക്രട്ടേറിയറ്റിലെ ഓഫിസിലേക്ക്. അവിടെ ചില ചാനലുകാർ അഭിമുഖത്തിന് ശ്രമിച്ചെങ്കിലും മുഖംകൊടുത്തില്ല. മന്ത്രി വാസവനൊപ്പം എ.കെ.ജി സെന്‍ററിൽ അവൈലബിൾ സെക്രട്ടേറിയറ്റിനെത്തുമ്പോൾ മ്ലാനവദനനായിരുന്നു.
11.51ഓടെ പ്രസന്നഭാവത്തിൽ പുറത്തേക്ക്. ചാനൽ കാമറകൾ മന്ത്രിയെ പൊതിഞ്ഞു. രാജിവെക്കുമോ എന്ന ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്ന മറുപടി.
ശേഷം കാറിൽ കയറി പോയി. ഇതോടെ മന്ത്രി തൽക്കാലം രാജിവെക്കില്ലെന്ന വാചകം ടി.വി സ്ക്രീനുകളിൽ. മന്ത്രിസഭായോഗത്തിൽ പങ്കെടുത്തപ്പോഴും രാജി സൂചന ഇല്ലായിരുന്നു. വൈകീട്ട് 5.30ന് സജി ചെറിയാൻ മാധ്യമങ്ങളെ കാണുന്നുവെന്ന അറിയിപ്പ് വന്നു. അതോടെ രാജിയിലേക്കെന്ന സൂചന വന്നു. 5.50ന് ഔദ്യോഗിക വാഹനത്തിൽ പുറപ്പെട്ടു.
സാധാരണ പി.ആർ ചേംബറിലാണ് മന്ത്രിമാരുടെ വാർത്തസമ്മേളനം. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്ന മീഡിയ ഹാളിലാണ് സജി ചെറിയാൻ എത്തിയത്.
5.55 ഓടെ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപനം. 6.05ന് ഔദ്യോഗിക വാഹനം ഒഴിവാക്കി എം.എൽ.എ ബോർഡ് വെച്ച കാറിൽ കവടിയാർ ഹൗസിലേക്ക്.
രാജിയിലേക്കുള്ള വഴി
- ബുധനാഴ്ച സഭ ചേർന്നപ്പോൾ ചോദ്യോത്തര വേളയിൽതന്നെ അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചു. ഭരണപക്ഷം പ്രതിരോധിച്ചു.
- സ്പീക്കർ പതിവുരീതിയിലേക്ക് പോകാതെ മറ്റു നടപടികൾ തീർത്ത് സഭ നിർത്തി. എട്ട് മിനിറ്റ് മാത്രമാണ് സഭ ആകെ സമ്മേളിച്ചത്.
- ഇതോടെ അടിയന്തരപ്രമേയത്തിന് മറുപടി പറയേണ്ട ബാധ്യതയിൽനിന്ന് സർക്കാർ ഒഴിവായി.
- പിന്നാലെ സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് ചേർന്നു; രാജിയിൽ ധാരണയായില്ല.
- മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി ആദ്യം ആശയവിനിയമം.
- സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ചർച്ചകൾ.
- അകത്തേക്ക് മ്ലാനവദനനായി കയറിപ്പോയ സജി ചെറിയാൻ എന്തിനു രാജിയെന്ന ആവശ്യവുമായി തിരിച്ചിറങ്ങി.
- വ്യാഴാഴ്ച സെക്രട്ടേറിയറ്റ് യോഗം ചേർന്ന് നിലപാടെടുക്കാൻ ധാരണ.
- കനത്ത പൊലീസ് കാവലിൽ സജി ചെറിയാൻ കവടിയാറിലെ വീട്ടിൽനിന്ന് നിയമസഭയിലും ഓഫിസിലും എത്തി.
- 10.30 ഓടെ എ.കെ.ജി സെന്‍ററിൽ പോയി ഒരു മണിക്കൂറിനു ശേഷം മടങ്ങി. വൈകീട്ട് മന്ത്രിസഭ യോഗത്തിലും പങ്കെടുത്തു.
- ഇതിനിടെ സി.പി.എം ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചു. സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി
- പാർട്ടി യോഗത്തിനു ശേഷം മുഖ്യമന്ത്രിയും നിയമവിദഗ്ധരുമായി ആശയവിനിയമം. അഡ്വക്കറ്റ് ജനറലിൽനിന്ന് നിയമോപദേശം ലഭിച്ചു.
- മന്ത്രിസഭ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി സജി ചെറിയാനുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് മന്ത്രി രാജിക്കത്ത് നൽകി.