അന്താരാഷ്ട്ര നേഴ്സിങ് ദിനത്തിന് തലേന്ന് അമ്മത്തൊട്ടിലിൽ 'നൈല'യെത്തി
text_fieldsതിരുവനന്തപുരം: ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ അന്താരാഷ്ട്ര നേഴ്സിങ് ദിനത്തിന് തലേന്ന് നവജാതശിശു സർക്കാർ സംരക്ഷണത്തിനായി എത്തി. തിങ്കളാഴ്ച വൈകീട്ട് 6.15ന് 10 ദിവസം പ്രായമുള്ള കുട്ടി അമ്മത്തൊട്ടിലിലെത്തിയത്. ആധുനിക നേഴ്സിങിന്റെ മാതാവ് ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഓർമദിനത്തിന് തലേന്നെത്തിയ കുഞ്ഞിന് 'നൈല' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുഞ്ഞ് തൊട്ടിലിലെത്തിയപ്പോൾ അലാറം മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഓടിയെത്തി കുഞ്ഞിനെ ശിശുപരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. 2023 മേയ് മുതൽ മൂന്ന് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി 104 കുട്ടികൾ സമിതിയുടെ പരിചരണത്തിലേക്ക് എത്തിയതായി ജനറൽ സെക്രട്ടറി അറിയിച്ചു. കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരത്താണ്-63 പേർ. കൊല്ലം-4, ആലപ്പുഴ-10, എറണാകുളം-2, കോട്ടയം-7, തൃശൂർ-6, കോഴിക്കോട്-8, കാസർഗോഡ്-2, പത്തനംതിട്ട-1 എന്നിങ്ങനെയാണ് കണക്ക്.
വിദേശത്തും സ്വദേശത്തുമായി 226 കുട്ടികളെ ദത്ത് നൽകി. സ്വദേശത്ത്-199, വിദേശത്ത്-27 പേരുമാണുള്ളത്. സമിതിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലായി 285 കുട്ടികൾ പരിചരണത്തിലുണ്ട്. നൈലയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അരുൺഗോപി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

