ഒടുവിൽ കുഞ്ഞ് അനുപമയുടെ കൈകളിൽ
text_fieldsതിരുവനന്തപുരം: ദത്ത് വിവാദകേസിൽ അനുപമക്ക് ഒടുവിൽ സ്വന്തം കുഞ്ഞിനെ തിരകെക്കിട്ടി. കുഞ്ഞിന്‍റെ യഥാർഥ മാതാപിതാക്കളായ അനുപമക്കും അജിത്തിനും ഇന്നുതന്നെ കൈമാറാന്‍ വഞ്ചിയൂർ കുടുംബകോടതി ഉത്തരവിട്ടു. ഡി.എൻ.എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സി.ഡബ്ല്യു.സി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെ നിർമല ശിശുഭവനിൽ നിന്ന് കോടതിയിലെത്തിച്ച കുട്ടിയെ ജഡ്ജിയുടെ ചേംബറിൽ ഡോക്ടറെത്തി പരിശോധിച്ചു. കുഞ്ഞിനെ വൈദ്യപരിശോധനക്ക് വിധേയനാക്കാന്‍ ജഡ്‍ജി ആവശ്യപ്പെടുകയും ഡോക്ടറെ ജഡ്ജിയുടെ ചേംബറിലേക്ക് വിളിപ്പിക്കുകുയുമായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിനെ പൊലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചിരുന്നത്. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്.
ഡി.എൻ.എ പരിശോധനാഫലം അനുപമക്ക് അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സർക്കാർ അഭിഭാഷകന്‍റെയും നിലപാട്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡി.എൻ.എ ഫലം വന്നതാണ് കേസിൽ നിർണായകമായത്.