തലശ്ശേരിയിൽ എണ്ണത്തിലാണ് കാര്യം!
text_fieldsഎൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജൻ പര്യടനത്തിനിടെ വോട്ടർമാർക്കിടയിൽ
തലശ്ശേരി: മാറ്റങ്ങൾക്ക് വിധേയമല്ല തലശ്ശേരി, എങ്കിലും വോട്ടിന്റെ കണക്കിലാണ് മുന്നണികളുടെ നോട്ടം. ഇത്തവണ മത്സരരംഗത്തുള്ള മൂന്ന് മുന്നണി സ്ഥാനാർഥികളും പുതുമുഖങ്ങളാണ്. തദ്ദേശം കൂടെയുള്ളപ്പോൾ എല്ലായ്പോഴും ഇടതിന് പ്രതീക്ഷയുള്ള മണ്ഡലമാണിത്. നിയമസഭയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സ്പീക്കറെയും സമ്മാനിച്ച മഹിത പാരമ്പര്യവും തലശ്ശേരിക്കുണ്ട്. കോടിയേരി ബാലകൃഷ്ണനെ അഞ്ചുതവണ നിയമസഭയിലെത്തിച്ച മണ്ഡലമെന്ന ഖ്യാതിയും തലശ്ശേരിക്കുണ്ട്. അതുകൊണ്ട് ഇടത് മുന്നണിക്ക് തലശ്ശേരി ഒരു പ്രസ്റ്റീജ് സീറ്റാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെക്കാൾ 36,801 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടത് മുന്നണി സ്ഥാനാർഥിയായിരുന്ന എ.എൻ. ഷംസീറിന് ലഭിച്ചത്. ഇത് മറികടക്കാനാവുമോ എന്നാണ് നേതൃത്വം ആലോചിക്കുന്നത്. എന്നാൽ, അന്നുണ്ടായ ഭൂരിപക്ഷമൊന്നും ഇടതിന് ലഭിക്കില്ലെന്ന് യു.ഡി.എഫും എൻ.ഡി.എയും ഉറച്ച് വിശ്വസിക്കുന്നു. ഇടത് സ്ഥാനാർഥിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഡിയോയാണ് ഇതിന് പിൻബലമായി അവർ നിരത്തുന്നത്. തലശ്ശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് തലശ്ശേരി മണ്ഡലം.
നഗരസഭയും പഞ്ചായത്തുകളും പതിറ്റാണ്ടുകളായി ഇടത് മേൽക്കോയ്മയിലാണ്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇടത് നേതാക്കളുടെ പ്രചാരണമെങ്കിൽ ഭരണവിരുദ്ധ വികാരം ഉയർത്തിയാണ് യു.ഡി.എഫും എൻ.ഡി.എയും വോട്ടർമാരെ സമീപിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങൾ അടുത്തുവരുന്നതോടെ നേതാക്കൾക്കൊപ്പം സ്ഥാനാർഥികളുടെ പര്യടനം സജീവമാവുകയാണ്. ആരാധനാലയങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി വോട്ടുറപ്പിക്കാനുള്ളതത്രപ്പാടുകളിലാണ് മുന്നണികളെല്ലാം.
സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവും റബ്‌കോ ചെയർമാനുമായ കാരായി രാജനാണ് തലശ്ശേരി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥി ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറുമായ കെ.പി. സാജുവാണ്. ബി.ജെ.പി സംസ്ഥാന സമിതിയംഗം ഒ. നിധീഷാണ് എൻ.ഡി.എ സ്ഥാനാർഥി. കാരായി രാജന് അപരൻമാരായി രണ്ട് രാജൻമാർ മത്സരരംഗത്തുണ്ട്. വി.പി. രാജനും ഒ.പി. രാജനും. സാജുവിന് അപരനായി വി.പി. സാജുവുമുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാർഥി എ.സി. ജലാലുദ്ദീനും ഉൾപ്പെടെ ഏഴുപേർ മത്സരരംഗത്തുണ്ട്. സി.ഒ.ടി. നസീർ സ്വതന്ത്രനായി പത്രിക നൽകിയെങ്കിലും സൂക്ഷ്മപരിശോധനയിൽ തള്ളി.
മണ്ഡലത്തിൽ ഇത്തവണ 1,84,015 വോട്ടർമാരാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു മത്സരം. എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക അവസാന വട്ടം തള്ളിയതിനെത്തുടർന്നാണ് നേരിട്ടുള്ള മത്സരമായത്. എം.എൽ.എയായ എ.എൻ. ഷംസീർ നിയമസഭ സ്പീക്കറായി. ഷംസീറിന്റെ പിൻഗാമിയായാണ് കാരായി രാജനെ സി.പി.എം ഇത്തവണ കളത്തിലിറക്കിയത്.
വികസനം തുടരും കാരായി നയിക്കും എന്ന മുദ്രാവാക്യവുമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറിയായി ദീർഘകാല പ്രവർത്തനപാരമ്പര്യവുമായാണ് രാജൻ മത്സരിക്കുന്നത്. 10 വർഷം മണ്ഡലത്തിൽ നടന്ന വികസനത്തുടർച്ചക്കാണ് കാരായി രാജൻ വോട്ടഭ്യർഥിക്കുന്നത്. തുടർഭരണത്തിന് കരുത്ത് പകരാൻ തലശ്ശേരിയും വേണമെന്ന് അദ്ദേഹം പറയുന്നു.
കേരളം ജയിക്കും നമ്മൾ ജയിക്കും എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ് കെ.പി. സാജുവിന് വോട്ടഭ്യർഥിക്കുന്നത്. തലശ്ശേരിയിൽ ഒരു മാറ്റം വേണമെന്ന മുദ്രാവാക്യവുമായാണ് വോട്ടർമാരെ സമീപിക്കുന്നതെന്ന് കെ.പി. സാജു പറയുന്നു. നിലവിലുള്ള സാഹചര്യത്തിൽനിന്ന് മാറണം. വികസനം വേണം. തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ്, ഡയറക്ടർ എന്നീ നിലകളിലുള്ള പ്രവർത്തനം മത്സരത്തിൽ ഗുണംചെയ്യുമെന്ന പ്രതീക്ഷയിലാണ് സാജു.
തലശ്ശേരിയുടെ തലവര ഇനി മാറും. തലശ്ശേരിയുടെ ശരി എന്ന മുദ്രാവാക്യവുമായാണ് നിധീഷിന്റെ വോട്ടഭ്യർഥന. വോട്ടർമാർ പ്രതീക്ഷിച്ച വികസനം തലശ്ശേരിയിൽ ഉണ്ടായില്ലെന്ന് എൻ.ഡി.എ സ്ഥാനാർഥി ഒ. നിധീഷ് പറഞ്ഞു. യുവമോർച്ച സംസ്ഥാന സഹപ്രഭാരി, ബി.ജെ. പി കോഴിക്കോട് നോർത്ത് ജില്ല പ്രഭാരി, വൺ നാഷൻ വൺ ഇലക്ഷൻ നാഷനൽ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
കാരായി രാജൻ (എൽ.ഡി.എഫ്)
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് മെംബർ, റബ്‌കോ ചെയർമാൻ, കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ്, കതിരൂർ പുല്യോട് സ്വദേശി. നിയമസഭയിൽ ആദ്യ മത്സരം.
കെ.പി. സാജു (യു.ഡി.എഫ്)
നിയമസഭയിലേക്ക് കന്നിയങ്കം. ഡി.സി.സി ജനറല് സെക്രട്ടറി, തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടര്, കടവത്തൂർ സ്വദേശി.
ഒ. നിധീഷ് (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന സമിതി അംഗം, സംസ്ഥാന സഹ പ്രഭാരി യുവമോർച്ച, ബി.ജെ.പി ജില്ല പ്രഭാരി (കോഴിക്കോട് നോർത്ത്). ഇരിട്ടി സ്വദേശി. നിയമസഭയിൽ ആദ്യമത്സരം.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം
എൽ.ഡി.എഫിന് മണ്ഡലത്തിൽ 38,524 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എൽ.ഡി.എഫ് - 73151, യു.ഡി.എഫ് - 34627, എൻ.ഡി.എ - 21,382 എന്നിങ്ങനെയാണ് വോട്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ.എൻ. ഷംസീർ ജയിച്ചുകയറിയത്. എൽ.ഡി.എഫ് - 81,810, യു.ഡി.എഫ് - 45,009 എന്നിങ്ങനെ വോട്ട് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

