വിശ്വാസ്യതയിലും പുരോഗമനപരതയിലും മുഖം നഷ്ടപ്പെട്ട് സി.പി.എം
text_fieldsതിരുവനന്തപുരം: സി.പി.എം നേതൃത്വത്തിെൻറ രാഷ്ട്രീയ വിശ്വാസ്യതയും സ്ത്രീസ്വാതന്ത്ര്യവും പുരോഗമനപരതയും ചോദ്യം ചെയ്ത് സ്വന്തം കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയും എസ്.എഫ്.െഎക്കാരുടെ ജാതി അധിക്ഷേപത്തിന് ഇരയായ എ.െഎ.എസ്.എഫ് വനിതാനേതാവും.പാർട്ടി പ്രാദേശികനേതാവായ പിതാവ് തെൻറ കുഞ്ഞിനെ മാറ്റിയത് സി.പി.എം നേതൃത്വത്തിെൻറ അറിവോടെയും സഹായത്തോടെയുമാണെന്ന അനുപമയുടെ വെളിപ്പെടുത്തലിൽ പ്രതിക്കൂട്ടിലായത് സർക്കാർ കൂടിയാണ്.
ദത്തെടുക്കലിെൻറ എല്ലാ നടപടിക്രമവും ലംഘിച്ചായിരുന്നു കുട്ടിയെ അമ്മയിൽനിന്ന് വേർപെടുത്തിയതെന്നത് ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ഡി.വൈ.എഫ്.െഎ സംസ്ഥാന നേതാവ് ഷിജുഖാനാണ് സമിതി ചെയർമാൻ.തിങ്കളാഴ്ച നിയമസഭസമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷം സർക്കാറിെനതിരെ രൂക്ഷവിമർശനവുമായി രംഗെത്തത്തിയിട്ടുണ്ട്. സി.പി.എം നേതൃത്വം വിചാരണമുനയിൽ ആയതോടെ പി.ബി അംഗം മുതൽ ജില്ല സെക്രട്ടറി വരെയുള്ളവർ കരണംമറിഞ്ഞ് അനുപമക്ക് പിന്തുണയുമായി എത്തി.
പാർട്ടി കുടുംബത്തിലെ ഒരംഗത്തിന് ഇതാണ് സ്ഥിതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന ചോദ്യമാണ് യു.ഡി.എഫ് ഉയർത്തുന്നത്. സഭയിലെ പ്രതിപക്ഷ ചൂട് മനസ്സിൽകണ്ടാണ് സർക്കാർതലത്തിൽ നടപടികൾ വേഗത്തിലാക്കിയതും.നവോത്ഥാനസമിതിയും വനിതാമതിലും സ്ത്രീശാക്തീകരണവും ഉയർത്തിക്കാട്ടുേമ്പാഴും മനസ്സിൽ ജാതിചിന്തയാണ് ഭരിക്കുന്നതെന്ന ആക്ഷേപമാണ് എസ്.എഫ്.െഎക്കാരുടെ അക്രമത്തിന് വിധേയയായ എ.െഎ.എസ്.എഫ് വനിതാനേതാവ് സി.പി.എമ്മിന് മുന്നിൽ ഉയർത്തിയത്. വിദ്യാർഥിസംഘടനകൾ തമ്മിലുള്ള തെരഞ്ഞെടുപ്പ് തർക്കമെന്ന് പറഞ്ഞ് ഗൗരവം കുറക്കാനാവാത്ത ആരോപണമാണ് എ.െഎ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി നിമിഷയുടേത്.