മഞ്ചേരിയിൽ പച്ചക്കറി വാഹനത്തിൽ കടത്തിയ 168 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി
text_fieldsമഞ്ചേരി: പച്ചക്കറി മാർക്കറ്റിൽ എക്സൈസിന്റെ വൻ ലഹരി വേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവ അടക്കം 9300 പാക്കറ്റുകളാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 12 ഓടെ KL-27-H-6431 മഹീന്ദ്ര മാക്സ് ട്രക്ക് പിക്കപ്പിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. വാഹനം ഓടിച്ച ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഉടമസ്ഥനായ പൂക്കോട്ടൂർ ചീനിക്കൽ സ്വദേശിയായ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ ആർ.സി ബുക്ക് പ്രകാരം കേസെടുത്തതായി മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി പറഞ്ഞു.
പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിൽ 10 ലക്ഷം രൂപ വില വരും. ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളിൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് ഇവ കടത്തിക്കൊണ്ടു വന്നത്. പച്ചക്കറി വാഹനങ്ങൾക്കുള്ളിൽ ഇത്തരത്തിൽ ലഹരി ഉൽപന്നങ്ങൾ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മൈസൂരിൽ നിന്നാണ് ഇവ എത്തിച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായും നിയമനടപടികൾക്കുമായി മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം തൊണ്ടിമുതലുകളും വാഹനവും മഞ്ചേരി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേരി ടൗൺ ഭാഗത്തും പരിസരങ്ങളിൽ നിന്നും ചെറിയ തോതിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ സംബന്ധിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫീസർമാരായ ആർ.പി.സുരേഷ് ബാബു, പി.ഇ.ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷെബീർ അലി, കെ.ഷംസുദ്ദീൻ, കെ.വിനീത്, ഇ.ജിഷിൽ നായർ, പി.റെജിലാൽ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.