കോട്ടയത്ത് സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കാനാവാതെ ഇടതുമുന്നണിയും കോൺഗ്രസും
text_fieldsസീറ്റു വിഭജന ചർച്ചകൾക്കായി കോട്ടയം ജില്ലാ കോൺഗ്രസ് ഓഫീസിലേക്കെത്തുന്ന
ഉമ്മൻ ചാണ്ടി
കോട്ടയം: കോട്ടയത്ത് മുന്നണികളുടെ സീറ്റ് വീതംവെപ്പും സ്ഥാനാർഥി നിർണയവും ഇേപ്പാഴും അനിശ്ചിതത്വത്തിൽ. മുന്നണി സംവിധാനം ആകെ മാറിമറിഞ്ഞതോടെ ഇടവേളയില്ലാത്ത ചർച്ചകൾ പോലും ഫലം കാണാതെ അവസാനിക്കുകയാണ്.
ജില്ല പഞ്ചായത്തിലേക്കും നഗരസഭ-േബ്ലാക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്കും എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും സീറ്റ് വിഭജന ചർച്ച അന്തിമഘട്ടത്തിലാണെങ്കിലും പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന ചെറുതർക്കങ്ങൾ പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുന്നണി നേതൃത്വം.
എൻ.ഡി.എയിൽ ജില്ല പഞ്ചായത്ത് സ്ഥാനാർഥി നിർണയം ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. 22 സീറ്റിൽ 19 ഡിവിഷനിൽ ബി.ജെ.പിയും മൂന്നിടത്ത് ബി.ഡി.ജെ.എസും മത്സരിക്കും. ജില്ല പഞ്ചായത്തിൽ കോൺഗ്രസ് 13 സീറ്റിലും ജോസഫ് ഒമ്പത് ഡിവിഷനിലും മത്സരിക്കും. മുൻ തെരഞ്ഞെടുപ്പുകളിൽ സാധാരണ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി പ്രചാരണ രംഗത്ത് ആദ്യം സജീവമാകുമായിരുന്ന ഇടതുമുന്നണിക്കും ഇത്തവണ അടിതെറ്റി. കേരള കോൺഗ്രസുകൾ എതുപക്ഷത്ത് ഉണ്ടെങ്കിലും അവിടെ കാര്യങ്ങൾ കുഴപ്പത്തിലാകും എന്നതിെൻറ വ്യക്തമായ ഉദാഹരണം കൂടിയാണിത്.
മധ്യകേരളത്തിൽ ഇരുമുന്നണികൾക്കും തലവേദന കേരള കോൺഗ്രസുകൾ സൃഷ്ടിക്കുന്ന പ്രതിസന്ധി തന്നെയെന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ. ജോസ് പക്ഷത്തിെൻറ വരവോടെ ഇടതുമുന്നണി വെച്ചുപുലർത്തിയ പ്രതീക്ഷകളെല്ലാം തകർക്കുന്ന വിധത്തിൽ തന്നെയാണ് കാര്യങ്ങളുടെ പോക്ക്. ജില്ല പഞ്ചായത്തിലും പാലാ നഗരസഭയിലും കേരള കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചായത്തുകളിലും ജോസ് പക്ഷത്തിെൻറ പിടിവാശിക്കുമുന്നിൽ സി.പി.എമ്മിനും സി.പി.ഐക്കും കാലിടറുകയാണ്.സി.പി.ഐ പലയിടത്തും ഒറ്റക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.എൻ.സി.പിയും കടുത്ത അമർഷത്തിലാണ്. അവർക്ക് ഇക്കുറി സീറ്റൊന്നും നൽകിയിട്ടില്ല.
പാലായിൽ സി.പി.ഐയും സി.പി.എമ്മും ജോസ് പക്ഷത്തിെൻറ ഔദാര്യത്തിനായി കാത്തുനിൽക്കുകയാണ്. ആകെയുള്ള 26 സീറ്റിൽ 17 എണ്ണം ജോസ് പക്ഷം എടുത്തുകഴിഞ്ഞു. ഫലത്തിൽ നാമമാത്ര സീറ്റുകളാണ് ഒഴിച്ചിട്ടിട്ടുള്ളത്. യു.ഡി.എഫിലും സ്ഥിതി വ്യത്യസ്തമല്ല.
ജില്ല പഞ്ചായത്തിൽ ജോസഫിന് ഒമ്പത് സീറ്റ് നൽകിയതിെൻറ അമർഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒമ്പതിൽ ഒരെണ്ണം കോൺഗ്രസിന് തിരിച്ചുകൊടുക്കുമെന്ന് അറിയിച്ചെങ്കിലും ഇപ്പോൾ ഒമ്പതിടത്തും അവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ച തുടരുകയാണ്.പുതുപ്പള്ളിയിൽ മത്സരിക്കാനുള്ള ചാണ്ടി ഉമ്മെൻറ മോഹത്തിന് ഒരു വിഭാഗം കോൺഗ്രസുകാർ തടയിട്ടതും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. കേരള കോൺഗ്രസ് ജോസ് പക്ഷത്തെ പെട്ടെന്ന് ഇറക്കി വിട്ടതിൽ കോൺഗ്രസിെല ഒരുവിഭാഗത്തിനുള്ള കടുത്ത അതൃപ്തി തുടരുന്നു. ജനപക്ഷം ജില്ല പഞ്ചായത്തിൽ നാലിടത്താണ് മത്സരിക്കുന്നത്.