കേരളത്തിൽ പത്ത് മിനിറ്റിൽ ചികിത്സ കിട്ടി, സ്പെയിനിൽ എട്ട് മാസം കാത്തിരിക്കണം; കേരളത്തിന്റെ ആരോഗ്യമേഖലയെ പുകഴ്ത്തി സ്പാനിഷ് യാത്രിക
text_fieldsആലപ്പുഴ: കേരളത്തിന്റെ പൊതുആരോഗ്യരംഗത്തെ പുകഴ്ത്തി സ്പാനിഷ് യാത്രിക. ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവമാണ് അവർ പങ്കുവെച്ചിരിക്കുന്നത്. ചർമ്മരോഗ വിഭാഗത്തിൽ സ്പെഷ്യലിസ്റ്റായ ഡോക്ടറെ കാണുന്നതിന് വേണ്ടിയാണ് സ്പാനിഷ് സഞ്ചാരിയായ വെറോനിക്ക ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയത്.
അതിവേഗത്തിൽ രജിസ്ട്രേഷൻ ഉൾപ്പടെ പൂർത്തിയാക്കി 10 മിനിറ്റിനുള്ളിൽ തന്നെ അവർക്ക് ഡോക്ടറെ കാണാൻ സാധിച്ചു. തെന്റ നാട്ടിലാണെങ്കിൽ ഒരു ഡെർമ്മറ്റോളജിസ്റ്റിന്റെ അപ്പോയിൻമെന്റ് ലഭിക്കണമെങ്കിൽ എട്ട് മാസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ അവർ പറയുന്നു. ഇന്ത്യയിൽ എല്ലായിടത്തും ഇതുപോലെയാണോയെന്ന് തനിക്കറിയില്ലെന്നും എന്നാൽ, കേരളത്തിന്റെ ആരോഗ്യമേഖല സൂപ്പറാണെന്നാണ് വെറോനിക്ക വ്ലോഗിൽ പറയുന്നത്.
അതേസമയം, കേരളത്തിലെ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം മറ്റിടങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുതെന്നാണ് നിരവധി പേർ കമന്റുകളിലൂടെ വെറോനിക്കയെ ഓർമിപ്പിക്കുന്നത്. വീണ്ടും കേരളത്തിലേക്ക് വരണമെന്ന് കമന്റുകളിലൂടെ ആളുകൾ വെറോനിക്കയോട് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ പബ്ലിക് ആശുപത്രിയിലെ അനുഭവമെന്ന ടൈറ്റിലിൽ അവർ പങ്കുവെച്ച വിഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

