Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​ണ്ട് ആ​ൺ​മ​ക്ക​ളെ...

ര​ണ്ട് ആ​ൺ​മ​ക്ക​ളെ ന​ഷ്ട​മാ​യ വ​സ​ന്ത​കു​മാ​രി പ​റ​യു​ന്നു; ‘ഉ​ന്ന​തി​യെ​ന്ന​ത് പേ​രി​ൽ മാ​ത്രം’

text_fields
bookmark_border
ര​ണ്ട് ആ​ൺ​മ​ക്ക​ളെ ന​ഷ്ട​മാ​യ വ​സ​ന്ത​കു​മാ​രി പ​റ​യു​ന്നു; ‘ഉ​ന്ന​തി​യെ​ന്ന​ത് പേ​രി​ൽ മാ​ത്രം’
cancel
camera_alt

വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഭ​ർ​ത്താ​വ് ക​ണ്ണ​ന്റെ​യും ഒ​പ്പം മ​ക്ക​ളാ​യ അ​ജീ​ഷ്, സ​ജീ​ഷ്, സൗ​മ്യ എ​ന്നി​വ​ർ (ഫയൽ ചിത്രം)

തൃശൂർ: മുൻ സംസ്ഥാന പട്ടികജാതി ക്ഷേമ മന്ത്രിയും നിലവിൽ ലോക്സഭ എം.പിയുമായ കെ. രാധാകൃഷ്ണൻ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന ചേലക്കര മണ്ഡലത്തിലാണ് പഴയന്നൂർ വെന്നൂർ ഗ്രാമം. പട്ടികജാതി കോളനികൾ ഏറെയുണ്ട് ഇവിടെ. സ്വന്തം മണ്ഡലത്തിൽ ഇത്രയേറെ കോളനികൾ ഉള്ളതു കൊണ്ടുതന്നെയാകും 2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായി രാധാകൃഷ്ണൻ കോളനി എന്ന വാക്ക് പൂർണമായി ഒഴിവാക്കി ഇനിമുതൽ ‘ഉന്നതി’ എന്ന വാക്ക് ഉപയോഗിക്കണമെന്ന തന്റെ അവസാന ഉത്തരവ് ഇറക്കിയത്. അതോടെ പട്ടികജാതി കോളനികൾ എല്ലാം ഉന്നതികളായി. കേരളത്തിലെ കോളനികളെല്ലാം ഉന്നതികളായി സർക്കാർ തന്നെ പ്രഖ്യാപിച്ചു. കേരളത്തിലെ തന്നെ ആദ്യത്തെ ദലിത് കോളനിയുള്ള തൃശൂർ ജില്ലയിലും അവസ്ഥ മറിച്ചല്ലായിരുന്നു. ഉന്നതികളായി പേര് മാത്രമേ മാറിയുള്ളൂ. ബാക്കിയെല്ലാം പഴയപടിയെന്ന് സാരം.

വ​സ​ന്ത​കു​മാ​രി

19 വീടുകളാണ് വെന്നൂർ വടക്കേക്കര ദലിത് ഉന്നതിയിലുള്ളത്. കണക്കൻ, കൂടാൻ സമുദായങ്ങളിൽ പെട്ടവരാണ് എല്ലാ വീട്ടിലുമുള്ളത്. ഉന്നതിയിലെ പഴയ തലമുറയിലെ സ്ത്രീകളും പുരുഷന്മാരും വെടിക്കെട്ടുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരായിരുന്നു. പുരുഷന്മാർ കതിനയും കുഴിമിന്നിയും പോലുള്ള കൂടുതൽ അപകടകരമായ പണികൾ ചെയ്യുമ്പോൾ സ്ത്രീകൾ ഓലപ്പടക്കത്തിനുള്ള ഓല ഒരുക്കൽ, ഉണക്കൽ, പടക്കമുണ്ടാക്കൽ എന്നീ പണികളായിരുന്നു ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ ഈ പണിക്ക് പോകുന്നവർ വളരെ വിരളമാണ്. തുടർച്ചയായ അപകടമരണങ്ങൾ തൊഴിൽ മാറാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നു.

ഉത്സവങ്ങളിലെ വെടിക്കെട്ട് തീരുംവരെ ഉള്ളിൽ തീയുമായി കാത്തിരിക്കുന്ന വീട്ടമ്മമാർ ഉള്ള ഗ്രാമമാണ് വെന്നൂർ. കാലങ്ങളായി കേരളത്തിലെ ഉത്സവകാലത്തെ കരിമരുന്ന് ശാലകളിൽ വെന്നൂർ ഗ്രാമത്തിലെ വെടിക്കെട്ട് കലാകാരന്മാരുടെ സാന്നിധ്യമുണ്ട്. പതിറ്റാണ്ടുകളായി ഈ മേഖലയിൽ പണിയെടുക്കുന്ന പരിചയസമ്പന്നരും സീസൺ പണിക്ക് എത്തുന്നവരും ഇക്കൂട്ടത്തിൽ പെടും. കുറഞ്ഞ സമയം കൊണ്ട് നല്ല സമ്പാദ്യവും എല്ലാവരേക്കാളും ഏറ്റവും അടുത്തു നിന്ന് പൂരവും വെടിക്കെട്ടും കാണാം എന്നതുമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. കരിമരുന്ന് ശാലയിലേക്ക് യുവാക്കൾ ഏറെയും വീട്ടുകാർ അറിയാതെയാണ് പോകുന്നത്.

വെന്നൂരിലെ പാടങ്ങളിൽ ചെറിയ വെടിമരുന്ന് ശാലകൾ ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. ചെറിയ തോതിൽ പ്രവർത്തിക്കുന്ന താൽക്കാലിക ഷെഡുകളും കാണാം. 2006ലെയും 2011ലെയും വെടിക്കെട്ട് ദുരന്തങ്ങളിൽ നാട്ടുകാർ പലരും മരിച്ച ശേഷം കരിമരുന്ന് ശാലകളിലേക്ക് പോകുന്ന വെന്നൂരുകാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും കരിമരുന്ന് പണിയിലെ പാരമ്പര്യം ഇപ്പോഴും നാട്ടിൽനിന്ന് വിട്ടുപോയിട്ടില്ല. മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ച സുദർശനൻ കാലങ്ങളായി ഈ മേഖലയിൽ പണി ചെയ്യുന്നയാളാണ്. വെടിക്കോപ്പ് നിർമിക്കുന്ന തൊഴിൽ എന്നതിനേക്കാളും വെടിക്കെട്ടിനോടുള്ള കമ്പമാണ് വെന്നൂരിലെ പുരുഷന്മാരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകം.

വസന്തകുമാരിയുടെ കഥ

‘‘പോകല്ലുണ്ണീ, നമുക്ക് ജീവിതത്തിൽ ഒരു അപകടം പറ്റീതാ. അമ്മയെ ഓർത്ത് നീ പോകല്ലുണ്ണീ, ഈ പണിക്ക് പോകല്ലേ എന്ന് ഞാൻ താണുകേണ് പറഞ്ഞതാ. കേട്ടില്ല. എന്റെ കണ്ണുവെട്ടിച്ച് ഞാനില്ലാത്ത തക്കത്തിന് പൊയ്ക്കളഞ്ഞു. പിന്നെ അനക്കമില്ലാതാ എനിക്ക് അവനെ കിട്ടിയത്. ഇപ്പോ വരാം അമ്മേ എന്ന് പറഞ്ഞാണ് എന്റെ രണ്ട് മക്കളും ഈ വീട്ടീന്ന് ഇറങ്ങിപ്പോയത്. പിന്നെ മുഖം പോലും തിരിച്ചറിയാനാകാത്ത വിധം വെന്തുകലങ്ങിപ്പോയ അവരുടെ ശരീരങ്ങളാണ് ഞാൻ കണ്ടത്. ഏതമ്മയെ കൊണ്ട് കഴിയും ഇതൊക്കെ താങ്ങാൻ. ഇന്നും തീപൊള്ളും കണക്കുള്ള നീറ്റലാണ് ഉള്ളിൽ. ഇനി പട്ടടയിലൊടുങ്ങും വരെയുണ്ടാകും ആ വേദന. അതിന് പട്ടടക്ക് തീ കൊടുക്കാൻ പോലും ഒരുത്തൻ ശേഷിച്ചില്ലല്ലോ. ഞാൻ പുറത്തേക്കൊന്നും ഇറങ്ങാറില്ല. അമ്പലങ്ങളിലൊന്നും ഉത്സവത്തിന് പോകില്ല. പേടിയാണ്. എവിടെയെങ്കിലും ഒരു വെടിപൊട്ടുന്നത് കേട്ടാൽ പെരുവിരലിൽനിന്ന് ഭയം ഇരച്ചുകയറും. ഈ കോളനീലെ പെണ്ണുങ്ങളൊക്കെ ഇപ്പോഴും ഓലപ്പടക്കം ഉണ്ടാക്കാനായുള്ള ഓല ചീന്താനും പടക്കം കെട്ടാനുമൊക്കെ പോകും. എനിക്കതിന് കഴിയില്ല. പേടി ഇടിച്ചുകേറും.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം തന്നെ എന്റെ ചേച്ചി വിളിച്ചുപറഞ്ഞാണ് അറിഞ്ഞത്. ടി.വി കാണാനുള്ള മനക്കട്ടി കിട്ടിയില്ല. പുറത്തുപോയിനിന്ന് കുറേ നേരം സങ്കടപ്പെട്ടു. എന്റെ മക്കളെ ഓർത്തു. ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ’’. വസന്തകുമാരിയുടെ തിളച്ചുമറിഞ്ഞ കണ്ണിൽനിന്ന് വെന്ത കണ്ണീർത്തുള്ളികൾ താഴേക്കിറ്റു.

പഴയന്നൂർ വെന്നൂർ വടക്കേക്കര ദലിത് ഉന്നതിയിൽ ഒന്നാമത്തെ വീടാണ് വസന്തകുമാരിയുടേത്. രണ്ടര സെന്റ് സ്ഥലത്ത് ഒരു കുഞ്ഞുവീട്. ഒരു മനുഷ്യനും താങ്ങാനാവുന്നതല്ല വസന്തകുമാരി ഈ ജീവിതകാലത്ത് അനുഭവിച്ച ദുരിതം. വെടിക്കെട്ട് ദുരന്തങ്ങൾ വേട്ടയാടിയ ജീവിതമാണ് അവരുടേത്. ഒന്നല്ല, രണ്ട് വ്യത്യസ്ത ദുരന്തങ്ങൾ ഒന്നിന് പുറകേ ഒന്നായി അവരുടെ ഏറ്റവും പ്രിയപ്പെട്ടവരെ കവർന്നെടുത്തുകളഞ്ഞു.

വസന്ത കുമാരിക്ക് (59) വെടിമരുന്ന് ദുരന്തങ്ങളിൽ നഷ്ടമായത് തന്റെ രണ്ട് ആൺമക്കളെയാണ്. 2006ലെ പാടൂക്കാട് ദുരന്തത്തിൽ മൂത്ത മകൻ അജീഷും (21) 2011ലെ അത്താണി ദുരന്തത്തിൽ രണ്ടാമത്തെ മകൻ സജീഷും (23) മരിച്ചു. മൂന്ന് മക്കൾ ഉണ്ടായിരുന്ന വസന്തകുമാരിക്ക് ഇളയ മകൾ സൗമ്യ മാത്രമാണ് ഇപ്പോഴുള്ളത്.

2011ലെ അപകടത്തിൽ മരിച്ച രണ്ടാമത്തെ മകൻ സജീഷ് വീട്ടുകാർ അറിയാതെയാണ് സുഹൃത്തിനൊപ്പം കരിമരുന്ന് ശാലയിലേക്കു പോയത്. വിവരമറിഞ്ഞതോടെ മകനെ ബന്ധപ്പെട്ടെങ്കിലും ഒരാഴ്ച നിന്ന് തിരിച്ചു വരാമെന്നായിരുന്നു മറുപടി. തിരിച്ചുവന്നത് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ‌യിലും. അയൽവാസിയായ സതീശും അപകടത്തിൽ മരിച്ചു. ഭർത്താവ് കണ്ണൻ നേരത്തെ മരിച്ചതിനാൽ വസന്തകുമാരി കൂലിപ്പണിക്ക് പോയാണ് ഇളയ മകളെ പഠിപ്പിച്ച് വളർത്തിയത്. ലഭിച്ച നഷ്ടപരിഹാര തുക കൊണ്ട് വീട് പണിതു.

2011ലെ അപകടത്തിൽ മരിച്ച മകൻ അടക്കമുള്ള മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി കൊടുത്ത കേസിന് കോടതിയിൽനിന്ന് അനുകൂല വിധിയായെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും വസന്തകുമാരി പറയുന്നു. വസന്തകുമാരിയെ പോലെ മക്കളെ അകാലത്തിൽ നഷ്ടപ്പെട്ട വേറെയും അമ്മമാർ വെന്നൂരിൽ ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsk radhakrishnanThrissur NewsUnnathi
News Summary - in kerala dalits colony only the name changed not the condition
Next Story