കണ്ണൂരിൽ ഒരു വയസായ പെൺകുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമർദനം
text_fieldsരതീഷ്
കണ്ണൂർ: കണിച്ചാറിൽ ഒരു വയസായ പെൺകുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമർദനം. തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ചയായിരുന്നു മർദനം. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിൽ കേളകം പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻവീട്ടിൽ രതീഷിനെയും അമ്മ ചെങ്ങോം വിട്ടയത്ത് രമ്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ്. കുഞ്ഞിനെ മർദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയെയും കസ്റ്റഡിയിലെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.
കുഞ്ഞ് വീട്ടിൽ മൂത്രമൊഴിച്ചെന്ന് പറഞ്ഞായിരുന്നു മർദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. രതീഷ് കുഞ്ഞിന് പാലുകൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുഞ്ഞിന്റെ മുത്തശ്ശി പറഞ്ഞു. കുഞ്ഞിനെ രതീഷിന് ഇഷ്ടമല്ലായിരുന്നുവെന്നും പറയുന്നു.

