പെൺകുട്ടികൾ ഉൾപ്പെടെ ബസിന് മുകളിൽ; വാടകക്കെടുത്ത് ആനവണ്ടി ഫാൻസിന്റെ ഉല്ലാസയാത്ര വിവാദത്തിൽ
text_fieldsകാരാപ്പുഴയിൽ ബസിനു മുകളിൽ കയറിയുള്ള വിനോദ സഞ്ചാരികളുടെ ആഘോഷം
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസ് വാടകക്കെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ കറങ്ങിയുള്ള ആനവണ്ടി ഫാൻസിെൻറ 'അഭ്യാസ'യാത്ര വിവാദത്തിൽ. ബസിനു മുകളിൽ കയറിയിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സുൽത്താൻ ബത്തേരി ഡിപ്പോ 'പ്രതിക്കൂട്ടിലായി'. ഡിപ്പോക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള ചെയ്തികൾക്കെതിരെ ജീവനക്കാരും രംഗത്തെത്തി.
കെ.എസ്.ആർ.ടി.സി ബസിനെ ഇഷ്ടപ്പെടുന്നവരുടെ ജില്ലക്ക് പുറത്തുനിന്നുള്ള ഓൺലൈൻ കൂട്ടായ്മയാണ് കഴിഞ്ഞദിവസം സുൽത്താൻ ബത്തേരി ഡിപ്പോയിലെത്തി രണ്ട് ബസുകൾ വാടകക്കെടുത്തത്. മുത്തങ്ങ, കാരാപ്പുഴ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയായിരുന്നു യാത്ര.
കാരാപ്പുഴയിൽ ബസിനു മുകളിൽ കയറിയിരുന്നുള്ള സാഹസിക പ്രകടനത്തിൽ തലനാരിഴക്കാണ് അപകടം ഒഴിവായത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ബസിനു മുകളിൽ കയറിയിരിക്കുമ്പോൾ വാഹനം പുറകോട്ടെടുക്കുന്നുണ്ട്. മുകളിലെ വൈദ്യുതി ലൈൻ ഗൗനിക്കാതെയായിരുന്നു യുവാക്കളുടെ ആഘോഷം. പിറകിലെ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവർ രഹസ്യമായി ഇത് മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു. ഇത് ടൂറിസ്റ്റ് ബസുകാർ അവരുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് യാത്ര വിവാദമായത്.
ബസുകൾ ഡിപ്പോയിൽനിന്നു പുറപ്പെടുമ്പോൾ പടക്കം പൊട്ടിച്ച് വലിയ ആഘോഷം നടത്തുന്ന വിഡിയോയും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ബസിനു മുകളിൽ കയറിനിന്നാണ് ഈ ആഘോഷവും. സംഭവം വിവാദമായതോടെ ഡിപ്പോയാലെ ഐ.എൻ.ടി.യു.സി യൂനിയൻ കെ.എസ്.ആർ.ടി.സി ഉന്നതർക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.