വീഴ്ച മറയ്ക്കാൻ കാലാവസ്ഥ കേന്ദ്രത്തെ പഴിചാരുന്നു -മുൻ മന്ത്രിമാർ
text_fieldsതിരുവനന്തപുരം: അണക്കെട്ടുകൾ നിറയാൻ കാരണം അതിവർഷമാണെങ്കിലും ആഘാതം പരിമിതപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാറിന് ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്ന് മുൻ ജലവിഭവമന്ത്രിമാരായ പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാലാവസ്ഥ കേന്ദ്രം കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നതിെൻറ സാക്ഷികൾ മുഖ്യമന്ത്രിയുടെയും ദുരന്തനിവാരണ അേതാറിറ്റിയുടെയും ഫേസ്ബുക്ക് പോസ്റ്റുകളാണ്. എന്നിട്ടും കാലാവസ്ഥ കേന്ദ്രത്തെ പഴിചാരി ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമിക്കുന്നത്.
ജലവിഭവ, വൈദ്യുതി മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടാകുമോയെന്ന് ഭയന്നാണ് ജുഡീഷ്യൽ അന്വേഷണത്തിൽനിന്ന് സർക്കാർ പിന്നാക്കം പോകുന്നത്. ജലവിഭവവകുപ്പിെൻറ അണക്കെട്ടുകൾ തുറന്നതുകൊണ്ടല്ല പ്രളയമുണ്ടായതെന്ന മന്ത്രിയുടെ പ്രസ്താവന വൈദ്യുതിബോർഡിനെ ലക്ഷ്യമിട്ടാണ്. ഡാം സുരക്ഷ അതോറിറ്റിയുടെ ചുമതല ജലവിഭവ വകുപ്പിനായതിനാൽ മുഴുവൻ അണക്കെട്ടുകളുടെയും ഉത്തരവാദിത്തം ആ വകുപ്പിനുണ്ട്. കൂട്ടുത്തരവാദിത്തം നഷ്ടമായതിെൻറ തെളിവ് കൂടിയാണിത്.
മഴ മുൻകൂട്ടി കണ്ട് ആഘാതം കുറക്കാൻ സർക്കാർ ശ്രമിച്ചുവോയെന്നതാണ് പരിശോധിക്കേണ്ടത്. റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ആഗസ്റ്റ് ഒമ്പതിന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. എന്നിട്ടും എന്തുകൊണ്ട് അണക്കെട്ടുകൾ ഒന്നിച്ച് തുറന്നുവിടാൻ 14വരെ കാത്തിരുന്നു? അണക്കെട്ടിലെ ചളിയും മണ്ണും പുറത്തുവരാൻ കാരണമായത് സ്ലൂയിസ് വാൽവുകൾ തുറന്നതുമൂലമാണ്. ഇതിന് ആരാണ് അനുമതി നൽകിയതെന്ന് അറിയണം. കുട്ടനാട് പ്രളയത്തിൽ ഇപ്പോഴും തുടരാൻ കാരണം തോട്ടപ്പള്ളി സ്പിൽവേയുടെ തടസ്സം നീക്കാത്തതാണ്. തണ്ണീർമുക്കം ബണ്ടിലെ മൺചിറ പൊട്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
