ഇറക്കുമതി അഴിമതി: ഒരുമാസത്തിനകം തീരുമാനമെടുക്കണം -ഹൈകോടതി
text_fieldsകൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി സി.ബി.ഐ നൽകിയ അപേക്ഷയിൽ സർക്കാർ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദേശം നൽകിയത്. കേസ് രേഖകളുടെ ഓഫിസ് കോപ്പികൾ സി.ബി.ഐ ഒരാഴ്ചക്കകം കൈമാറണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശിച്ചു.
സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരനെയും മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷിനെയും വിചാരണ ചെയ്യുന്നത് സംബന്ധിച്ച് സി.ബി.ഐ നൽകിയ അപേക്ഷ സർക്കാർ നേരത്തേ നിരസിച്ചിരുന്നു.
ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും പാലിച്ചില്ലെന്നാരോപിച്ച് കേസിലെ ഹരജിക്കാരനായ കടകംപള്ളി മനോജ് ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകി. തുടർന്നാണ് പുതിയ ഉത്തരവ്.
രേഖകൾ സി.ബി.ഐ കൈമാറാത്തതിനാലാണ് പ്രോസിക്യൂഷൻ വിഷയത്തിൽ നടപടി വൈകുന്നതെന്ന് വ്യവസായ വകുപ്പ് വാദിച്ചു. എന്നാൽ, പ്രധാന രേഖകളെല്ലാം നേരത്തേതന്നെ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചെന്നതിന് സി.ബി.ഐ തെളിവുകൾ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

