ആൾമാറാട്ടം: ചോദ്യങ്ങളിൽ ചിലത് ഒഴിവാക്കി; പരിശോധന പ്രഹസനം
text_fieldsതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധന അട്ടിമറിക്കാൻ നീക്കം.
തെരഞ്ഞെടുപ്പിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ സുപ്രധാനമായ ചോദ്യങ്ങൾ ഒഴിവാക്കി. ലിങ്ധോ കമീഷൻ വ്യവസ്ഥ പ്രകാരം മത്സരിക്കുന്ന വിദ്യാർഥികൾക്ക് കുറഞ്ഞത് 75 ശതമാനം ഹാജർ ഉണ്ടായിരിക്കണം. മുൻ വർഷങ്ങളിൽ നടന്ന യൂനിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷകളും വിജയിച്ചിരിക്കുകയും വേണം.
എന്നാൽ, പരിശോധനയുടെ ഭാഗമായി കേരള യൂനിവേഴ്സിറ്റി രജിസ്ട്രാർ കോളജ് പ്രിൻസിപ്പൽമാർക്ക് അയച്ചുകൊടുത്ത ചോദ്യാവലിയിൽ ഇവ രണ്ടുമില്ല. വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ ഹാജറും സെമസ്റ്റർ പരീക്ഷകൾ വിജയിച്ചതിന്റെ വിവരങ്ങളും പരിശോധിച്ചാൽ പലരും കുടുങ്ങുമെന്നതിനാലാണ് ഈ ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. സംഘടനാതലപ്പത്തുള്ള പലരും ക്ലാസിൽ ഹാജരാകാറില്ല. പരീക്ഷയുമെഴുതാറില്ല. സംഘടനാ പ്രവർത്തനത്തിനും സ്ഥാനനേട്ടത്തിനും മാത്രമായാണ് ഇവർ കോളജുകളിൽ പ്രവേശനം നേടുന്നത്.
പ്രിൻസിപ്പൽ വിചാരിച്ചാൽ യൂനിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം സാധ്യമാകുമെന്ന് നില പുറത്തുവന്നതോടെയാണ് എല്ലാ കോളജുകളിലെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിശോധിക്കാൻ കേരള സിൻഡിക്കേറ്റ് യോഗം തീരുമാനിച്ച് അതിന് രജിസ്ട്രാറെ ചുമതലപ്പെടുത്തിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി രജിസ്ട്രാർ തയാറാക്കി കോളജുകൾക്ക് നൽകിയ ചോദ്യാവലിയിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചവരുടെ പേരുകൾ, അവർക്ക് ലഭിച്ച വോട്ട് , വിജയിച്ച കൗൺസിലറുടെ വയസ്സും ജനനത്തീയതിയും, ഫലപ്രഖ്യാപന വിജ്ഞാപനത്തിന്റെ പകർപ്പ്, റിട്ടേണിങ് ഓഫിസറുടെ പേര് എന്നിവ മാത്രമാണ് ആവശ്യപ്പെട്ടത്.