പത്തനംതിട്ടയിൽ നീറ്റ് പരീക്ഷക്കിടെ ആൾമാറാട്ടം? വ്യാജ അഡ്മിറ്റ് കാര്‍ഡുമായി വിദ്യാര്‍ഥി പിടിയിൽ
text_fieldsപത്തനംതിട്ട: വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാര്‍ഥി പിടിയിൽ. അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്‍ററുമടക്കം വ്യത്യാസം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പരീക്ഷാ കോഓഡിനേറ്ററുടെ പരാതിയിലാണ് പരീക്ഷാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെബ്സൈറ്റില്‍ നിന്നെടുത്ത അഡ്മിറ്റ് കാര്‍ഡ് തന്നെ ആണെന്ന് വിദ്യാർഥി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരിയാണ് തനിക്ക് അഡ്മിറ്റ് കാർഡ് എടുത്ത് തന്നതെന്നും മൊഴി നൽകി.
തിരുവനന്തപുരം പാറശ്ശാല സ്വദേശിയാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലുള്ളത്. ജില്ല ആസ്ഥാനത്ത് തൈക്കാവ് ഗവ. വി.എച്ച്.എസ്.എസ് ആന്‍ഡ് ജി.എച്ച്.എസ്.എസില്‍ മാത്രമാണ് നീറ്റ് പരീക്ഷാകേന്ദ്രം. ഇവിടെ പരീക്ഷക്ക് എത്തിയ ഈ വിദ്യാർഥിയുടെ കൈവശം ഉണ്ടായിരുന്ന അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നാണ്. ഇവിടെ നീറ്റ് പരീക്ഷക്ക് സെന്‍ററില്ല. ഇതിനുപുറമെ, അഡ്മിറ്റ് കാര്‍ഡിന്‍റെ മുകള്‍ഭാഗത്ത് സ്വന്തം പേര്, മാതാവിന്‍റെ പേര്, ജനനത്തീയതി തുടങ്ങിയവയാണുള്ളത്. എന്നാൽ, ഏറ്റവും താഴെ സെല്‍ഫ് ഡിക്ലറേഷന്‍ ഭാഗത്ത് തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ വിദ്യാര്‍ഥിയുടെ പേരും വിലാസവുമാണുള്ളത്.
ക്ലറിക്കല്‍ പിഴവാണെന്ന് കരുതി ആദ്യം പരീക്ഷ എഴുതാന്‍ അനുവദിച്ചു. പരീക്ഷാ സെന്‍ററും അഡ്മിറ്റ് കാര്‍ഡും നമ്പറും സഹിതം സംശയത്തിനിട നല്‍കിയെങ്കിലും ആളില്ലാതിരുന്ന സീറ്റില്‍ ജിത്തുവിനെ പരീക്ഷക്ക് ഇരുത്തിയതിനൊപ്പം സമാന്തരമായി അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് അന്വേഷണവും നടന്നു. തുടർന്ന്, ഉച്ചകഴിഞ്ഞ് സ്‌റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ. മഹേഷിന്‍റെ നിര്‍ദേശപ്രകാരം വിദ്യാർഥിയെ പരീക്ഷയെഴുതുന്നത് വിലക്കി. തുടര്‍ന്ന്, പൊലീസിന് കൈമാറുകയും ചെയ്തു.
അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചുവെന്ന നിഗമനത്തിലാണ് പരീക്ഷാ നടത്തിപ്പുകാരും പൊലീസും. അതേസമയം, തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ പരീക്ഷാര്‍ഥി അവിടെയുള്ള സെന്‍ററില്‍ പരീക്ഷ എഴുതുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

