ഉമ്മൻ ചാണ്ടിക്ക് ഇമ്യൂണോ തെറപ്പി നൽകും
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ (എച്ച്.സി.ജി) കാൻസർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇമ്യൂണോ തെറപ്പി നൽകാനാണ് വിദഗ്ധ തീരുമാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ആരോഗ്യനില മെച്ചപ്പെട്ടുവരുകയാണ്. തൊണ്ടയിൽ അർബുദം കണ്ടെത്തിയതിനെ തുടർന്നുള്ള ചികിത്സയാണ് ഇപ്പോൾ നൽകിവരുന്നത്. ഇമ്യൂണോ തെറപ്പിയാണ് ഈ ഘട്ടത്തിൽ മികച്ച ചികിത്സയെന്നാണ് വിദഗ്ധ സംഘത്തിന്റെ തീരുമാനം. അർബുദ കോശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ഇമ്യൂണോ തെറപ്പി. ഇതിന്റെ ഫലങ്ങൾ ഇടക്കിടെ വിശകലനം ചെയ്യും.ത്സ
പ്രായവും ആരോഗ്യനിലയും കണക്കിലെടുത്ത് കീമോതെറപ്പി നൽകേണ്ടെന്നാണ് തീരുമാനം. ഡോ. യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിൽ ഓങ്കോളജി വിദഗ്ധരുടെയും മെഡിക്കൽ പരിചരണ സംഘത്തിന്റെയും ന്യൂട്രീഷൻ, റീഹാബിലിറ്റേഷൻ ടീമിന്റെയും മേൽനോട്ടത്തിലാണ് ചികിത്സയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

