അനാശാസ്യ കേന്ദ്രം; ഇടപാടുകാരനും കുറ്റവാളിയാകുമെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനെ പോലെ ഇടപാടുകാരനും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരം കുറ്റക്കാരനാണെന്ന് ഹൈകോടതി. സാഹചര്യങ്ങളുടെ സമ്മർദത്താൽ ലൈംഗിക തൊഴിലാളികളായി മാറുന്നവരെ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്ന വാണിജ്യ ഇടങ്ങളാണ് അനാശാസ്യ കേന്ദ്രങ്ങൾ.
നടത്തിപ്പുകാരൻ ഇടപാടിലൂടെ ലാഭമുണ്ടാക്കുമ്പോൾ ലൈംഗിക തൊഴിലാളി കച്ചവടച്ചരക്കായി മാറുകയാണ്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് സേവനം തേടിയെത്തുന്ന വ്യക്തികൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ നിലനിൽപ്പിൽ പങ്കാളിയാവുകയാണ്. അതിനാൽ, ഇടപാടുകാരനെ ക്രിമിനൽ കുറ്റകൃത്യത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരൻ കുറ്റവാളിയാണെന്ന സിംഗിൾബെഞ്ച് ഉത്തരവുകൾ ശരിവെച്ച കോടതി അവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു.
നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട ഹരജികളിൽ വിവിധ സിംഗിൾ ബെഞ്ചുകൾ വ്യത്യസ്തമായ വിധികൾ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് വിഷയം ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്ക് വിടുകയായിരുന്നു. അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരം ഇടപാടുകാരനെ കുറ്റക്കാരനായി കാണാനാകുമോ എന്ന നിയമ പ്രശ്നമാണ് ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്.
വേണ്ട സൗകര്യങ്ങൾ ഒരുക്കി നടത്തുന്ന സ്ഥാപനത്തിനെ സമീപിക്കുന്ന ഇടപാടുകാരൻ നടത്തിപ്പുകാരനെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്. നടത്തിപ്പുകാരനും ഇടപാടുകാരനും ഉണ്ടെങ്കിൽ മാത്രമേ അനാശാസ്യ കേന്ദ്രങ്ങളിൽ ചൂഷണം നടക്കുകയുള്ളു. അതിനാൽ, ഇടപാടുകാരനെ കൂടി പ്രതിയാക്കാത്തപക്ഷം നിയമത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യത്തിൽ വെള്ളം ചേർക്കലാകുമെന്നും ക്രിമിനൽ ബാധ്യതയിൽ നിന്ന് ഇവരെ ഒഴിവാക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

