Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടര്‍മാര്‍ക്ക്...

ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പാക്കണമെന്ന് ഐ.എം.എ

text_fields
bookmark_border
ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന വേതനം  ഉറപ്പാക്കണമെന്ന് ഐ.എം.എ
cancel

കൊച്ചി: കേരളത്തിലെ ജൂനിയർ ഡോക്ടർമാർ അനുഭവിക്കുന്ന കടുത്ത തൊഴിലില്ലായ്മയിലും തുച്ഛമായ ശമ്പളത്തിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും കഠിനവും ദൈർഘ്യമേറിയതുമായ പഠന കോഴ്സുകളിൽ ഒന്നായ എം.ബി.ബി.എസ് അനവധി വർഷങ്ങളുടെ കഠിനാധ്വാനവും പരിശീലനവും അതീവ ഉത്തരവാദിത്തവും നിറഞ്ഞതാണെന്നും, ഈ മേഖലയിലെ ഡോക്ടർമാർക്ക് അവരുടെ സേവനത്തിനും സമർപ്പണത്തിനും യോജിച്ച മാന്യമായ ശമ്പളവും അംഗീകാരവും ലഭിക്കേണ്ടതുണ്ടെന്നും സംഘടന ആവിശ‍്യപ്പെട്ടു. എന്നാൽ നിലവിൽ കേരളത്തിലെ സ്ഥിതി വളരെ ആശങ്കജനകമാണ്. ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടർമാർ എന്ത് കൊണ്ടും പ്രതിമാസം 80,000 രൂപയെങ്കിലും ശമ്പളത്തിന് തികച്ചും അർഹരാണെന്ന് കൊച്ചിയിൽ കൂടിയ ഐ.എം.എ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഡോക്ടർമാർക്ക് മിനിമം വേജസ് വേണമെന്ന വർഷങ്ങളായിട്ടുള്ള ആവശ്യം പഠിക്കുന്നതിനായി കഴിഞ്ഞ സംസ്ഥാനസമിതി നിശ്ചയിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു. ഏതാണ്ട് നാലായിരത്തോളം ഡോക്ടർമാർ പങ്കെടുത്ത പഠനത്തിൽ ആശ്ചര്യജനകവും ദയനീയവുമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

സംസ്ഥാനത്ത് പ്രതിമാസം മുപ്പതിനായിരം രൂപയ്ക്ക് താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന നിരവധി ഡോക്ടർമാരുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 82 ശതമാനം ഡോക്ടർമാർക്കും മാന്യമായ ശമ്പളം ലഭിക്കുന്നില്ല. കടുത്ത തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവും മൂലം 70 ശതമാനം ഡോക്ടർമാരും കേരള സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ജോലി തേടി പോകാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടിലുണ്ട്. നിലവിൽ ഏതാണ്ട് 81 ശതമാനം ജൂനിയർ ഡോക്ടർമാരും നിർബന്ധിത ബോണ്ട് സർവീസിൽ പെട്ടവരാണ്. ജൂനിയർ ഡോക്ടർമാരുടെ അവസ്ഥ മാത്രമല്ല, സ്പെഷ്യലിസ്റ്റുകൾക്കും സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും പോലും ന്യായമായ ശമ്പളം കേരളത്തിൽ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനുപുറമെ ഡോക്ടർമാരുടെ ശമ്പളം, സ്റ്റൈപെന്റ് മുതലായവ കൃത്യമായ സമയത്ത് വിതരണം ചെയ്യപ്പെടുന്നതുമില്ല. വിദേശ വിദ്യാഭ്യാസം നടത്തി കേരളത്തിൽ എത്തിയ ഡോക്ടർമാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയം. ഇന്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപെന്റ് പോലും ലഭിക്കാത്ത ഇവർ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയാലും വലിയ വിവേചനമാണ് നേരിടുന്നത്. ഇവരെ രണ്ടാം തട്ടുകാരായി കാണുകയും വിവേചന ബുദ്ധിയോടെ കുറഞ്ഞ ശമ്പളം നൽകുകയുമാണ് ചെയ്യുന്നത്.

ഇത്തരം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാണിച്ച പഠനത്തെ വിലയിരുത്തിക്കൊണ്ടാണ്, എം.ബി.ബി.എസ് ഡോക്ടർമാർക്ക് ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്നതിന് 80,000 രൂപ മിനിമം ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ ശക്തമായി ആവശ്യപ്പെടുന്നത്. ഇതിനൊപ്പം അധിക ജോലിക്ക് കൂടുതൽ ശമ്പളം നൽകുകയും, കൃത്യമായ സമയത്ത് തന്നെ ശമ്പളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും, തൊഴിലിടത്തിലെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവുകയും വേണം. സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ശമ്പളത്തിലും റസിഡന്റുമാരുടെ സ്റ്റൈപ്പൻഡ് തുടങ്ങിയ വിഷയങ്ങളിലും ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മിനിമം ശമ്പളം 80,000 രൂപ എന്നുള്ള നിലപാട് നടപ്പിലാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി ഉടൻ തന്നെ ചർച്ച നടത്തുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോനും സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രനും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryimadoctors
News Summary - IMA demands assurance of minimum wage for doctors
Next Story