‘ഞാൻ തിരിച്ച് നടക്കുകയാണ്, അടാട്ടേക്ക്’; പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അനിൽ അക്കര
text_fieldsകോഴിക്കോട്: തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത പുറത്തായതിന് പിന്നാലെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് വടക്കാഞ്ചേരി മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായിരുന്ന അനിൽ അക്കര. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ 2021 മേയ് അഞ്ചിന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും അനിൽ അക്കര പങ്കുവെച്ചിട്ടുള്ളത്. താൻ അടാട്ടേക്ക് തിരിച്ച് നടക്കുകയാണെന്ന് എഫ്.ബി പോസ്റ്റിൽ അനിൽ അക്കര കുറിച്ചത്.
നമുക്ക് നമ്മുടെ പാർട്ടിയെ സംസ്ഥാനത്തെ ഒന്നാമത്തെ പാർട്ടിയാക്കേണ്ടേ?. ഒരു മുൻ നിയമസഭ അംഗം എന്ന നിലയിൽ തനിക്ക് കിട്ടുന്ന സാധ്യതകളെ പാർട്ടിക്കായി വിനിയോഗിക്കും. 2025ലെ പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് എന്നീ തെരഞ്ഞെടുകളിൽ
യു.ഡി.എഫിനെ വിജയിപ്പിക്കാനുള്ള കഠിന പരിശ്രമം നടത്തുമെന്നും അനിൽ അക്കര എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കുന്നു.
അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ തെരഞ്ഞെടുപ്പിൽ എന്നോടൊപ്പം പ്രവർത്തിച്ചവർക്കും,
എനിക്ക് വോട്ട് രേഖപ്പെടുത്തിയവർക്കും
എന്റെ നന്മ ആഗ്രഹിച്ചവർക്കും
പ്രതീക്ഷിച്ച വിജയം എനിക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ല.
ഞാൻ എല്ലാവരോടും എന്റെ
സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.❤
ഞാൻ സ്വീകരിച്ച എന്റെ നിലപാടുകളിൽ
തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നില്ല.
എന്നാൽ കാലഘട്ടത്തിനനുസരിച്ച്
മാറിയ ഒരു കമ്മ്യൂണിറ്റ് സർക്കാരിനെതിരെയായിരുന്നു
എന്റെ പോരാട്ടമെന്നെ
എന്ന ധാരണ എനിക്ക് ഉണ്ടായിരുന്നെങ്കിൽ,
ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ 😄
എന്നാൽ ആ മാറ്റം അനിൽ അക്കരക്ക്
ഉൾക്കൊള്ളാവുന്നതല്ല.
അഴിമതിക്കെതിരായ നിലപാടിൽ
വെള്ളം ചേർക്കാൻ കഴിയില്ല.
പലരും വിളിക്കുന്നു സ്നേഹത്തോടെ പറയുന്നു വീണ്ടും തെരഞ്ഞെടുപ്പിൽ
മത്സരിക്കണം.
അടാട്ട് ഗ്രാമ പഞ്ചായത്ത് 2000
മുതൽ തുടർച്ചയായി യുഡിഎഫ്
ഭരിച്ച പഞ്ചായത്ത് ഇത്തവണ
നമുക്ക് നഷ്ടപ്പെട്ടു, 2000 ത്തിൽ
ഞാൻ മെമ്പറായ വാർഡിൽ ബിജെപി ജയിച്ചു. ഇതെല്ലാം ഞാൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ
തിരിച്ച് കിട്ടുമോ?
നമുക്ക് നമ്മുടെ പാർട്ടിയെ സംസ്ഥാനത്തെ ഒന്നാമത്തെ പാർട്ടിയാക്കേണ്ടേ?
ഒരു മുൻ നിയമ സഭ മെമ്പർ എന്നനിലയിൽ എനിക്ക് കിട്ടുന്ന സാധ്യത ഞാൻ എന്റെ പാർട്ടിക്കായി ഞാൻ വിനിയോഗിക്കും,
2025 ലെ പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പ്, 2026ലെ നിയമസഭതെരഞ്ഞെടുപ്പ്
ഈ തെരഞ്ഞെടുകളിൽ
യുഡിഎഫിനെ വിജയിപ്പിക്കാനുള്ള
കഠിന പരിശ്രമം ഞാൻ നടത്തും.
ഞാൻ തിരിച്ച് നടക്കുകയാണ്,
#അടാട്ടേക്ക്,
സ്നേഹപൂർവ്വം
അനിൽ അക്കര.
മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനെ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയാക്കിയതിന് സമാനമായാണ് മുൻ എം.എൽ.എയായ അനിൽ അക്കരയെ ഗ്രാമപഞ്ചായത്തിലേക്ക് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് വർഷങ്ങൾക്ക് ശേഷം അനിൽ അക്കര ജനവിധി തേടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി 15-ാം വാർഡിൽ വിജയിച്ചത്.
2000-2010 വരെ അനിൽ അക്കര അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2003 വരെ വൈസ് പ്രസിഡന്‍റും 2003-2010 വരെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. മികച്ച പഞ്ചായത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ അനിലിന്‍റെ കാലത്ത് അടാട്ട് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അനിൽ അക്കര എന്ന പുതിയ താരം കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചത്.
2000ലെ കന്നിയങ്കിൽ ഏഴാം വാർഡിൽ നിന്ന് 400 വോട്ടിന്‍റെയും 2005ൽ 11-ാം വാർഡിൽ 285 വോട്ടിന്‍റെയും ഭൂരിപക്ഷത്തിലാണ് അനിൽ വിജയിച്ചത്. ജില്ലാ പഞ്ചായത്തിൽ 14,000 വോട്ടായിരുന്നു അനിലിന്‍റെ ഭൂരിപക്ഷം. 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനിൽ അക്കരം രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരുന്നു. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റിന്‍റെ പദവി വഹിച്ചു.
2016ലാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായ അനിൽ 45 വോട്ടിന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ 11,000 വോട്ടിന് പരാജയപ്പെട്ടു. ഇതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അനിൽ അക്കര പ്രഖ്യാപിച്ചു.
ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം ആദ്യം ഉന്നയിച്ചത് അനിൽ അക്കരയായിരുന്നു. അനിലിന്‍റ വെളിപ്പെടുത്തലുകൾ നിയമസഭയിലും പുറത്തും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. ലൈഫ് മിഷൻ ആരോപണങ്ങൾ എൽ.ഡി.എഫ് സർക്കാറിന് വലിയ രാഷ്ട്രീയ തിരിച്ചടിക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

